ന്യൂഡൽഹി: പഹൽഗാമിൽ 26 പേർ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത സംഘർഷ സാഹചര്യം ചർച്ചചെയ്യാൻ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യം തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ ചർച്ചയാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് പാകിസ്താൻ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ സ്ഥിരാംഗമല്ല. മേയ് മാസത്തിൽ ഗ്രീസിൽവെച്ച് നടക്കുന്ന 15 അംഗ സുരക്ഷാ സമിതി കൗൺസിലിൽ പാകിസ്താനും പങ്കെടുക്കുന്നുണ്ട്. അതേസമയം തുടർച്ചയായി പതിനൊന്നാം ദിവസവും പാകിസ്താൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനം തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയും രാവിലെയുമായി എട്ടിടങ്ങളിലാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവികസേനകൾ തയ്യാറെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സർക്കാരിന്റെ നിർദേശം ലഭിച്ചാലുടൻ പാകിസ്താന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയർ മാർഷൽ എ.പി. സിങ്ങും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെവ്വേറെ കണ്ടിരുന്നു. ഈ കൂടികാഴ്ചകളിലാണ് പാകിസ്താനെതിരായ സൈനിക നടപടികൾക്ക് സേനാവിഭാഗങ്ങൾ സജ്ജമാണെന്ന് സേനാ മേധാവികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗികമായ വാർത്താക്കുറിപ്പുകൾ സർക്കാർ ഇറക്കിയിട്ടില്ല.