മലപ്പുറം: തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിന്റെ ഭാര്യയെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തിരുകി കയറ്റാനുള്ള നീക്കം പൊളിഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ 16 വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് സിന്‍ഡിക്കേറ്റ് അംഗീകരിച്ചപ്പോള്‍ ഷംസീറിന്‍റെ ഭാര്യ പി എം ഷഹലയുടെ പേര് ഒഴിവാക്കി. കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഷഹലയുടെ പേര് നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഈ അഭിമുഖത്തില്‍ അപാകത ആരോപിച്ചാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. 43 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിലവില്‍ നിയമനം ലഭിച്ചിരിക്കുന്നത്. ഈ ലിസ്റ്റില്‍ ഷഹല ഉള്‍പ്പെട്ടിട്ടില്ല. എസ്‌എഫ്‌ഐ മുന്‍ നേതാവും സിപിഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി.കെ അബ്ദുള്ള നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിക്കും യോഗ്യരായവരെ മറികടന്ന് നിയമനം നല്‍കാന്‍ നീക്കം നടക്കുന്നുവെന്ന് പരാതിയിലുണ്ടായിരുന്നു. ഇവര്‍ക്ക് നിയമനം നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
വിദ്യാഭ്യാസവകുപ്പിലെ ഇന്റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ അബ്ദുള്ള നവാസിന്റെ ഭാര്യ റീഷ ഒന്നാമതും ഷംസീറിന്റെ ഭാര്യ ഷഹല മൂന്നാമതുമായിരുന്നു. ഷഹലയ്ക്ക് നിയമനം നല്‍കാനായി ഷഹലയുടെ റിസര്‍ച്ച് ഗൈഡായിരുന്ന ഡോ. പി കേളുവിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു സംബന്ധിച്ചാണ് പ്രധാന പരാതി. എഡ്യൂക്കേഷന്‍ വകുപ്പ് മേധാവി തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളപ്പോഴാണ് അവിടെ നിന്ന് വിരമിച്ച അദ്ധ്യാപകനെ പ്രസ്തുത വിഷയത്തിലെ വിദഗ്ധന്‍ എന്ന നിലയില്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.
ഗവേഷണ മേല്‍നോട്ടം വഹിച്ച വ്യക്തി ഗവേഷക വിദ്യാര്‍ത്ഥി പങ്കെടുക്കുന്ന ഇന്റര്‍വ്യൂവില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാറാണ് പതിവെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയുടെ പരാതിയില്‍ പറയുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ 126 ഓളം അദ്ധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടക്കുമെന്നും ഇവിടെയെല്ലാം ഇഷ്ടക്കാരെ തിരുകി കയറ്റാനാണ് നീക്കമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്.
നേരത്തെ ഷംസീറിന്‍റെ ഭാര്യ ഷഹലയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നല്‍കിയ നിയമനം വിവാദമാവുകയും നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍, റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്നും വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് പറഞ്ഞു. ഉദ്യോഗാര്‍ത്ഥിയുടെ റിസര്‍ച്ച് ഗൈഡായിരുന്ന വ്യക്തിയെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ അപാകതയില്ലെന്നും വിസി വ്യക്തമാക്കി.