ഹൈദരാബാദ് : ആന്ധ്രാ പ്രദേശിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത രോഗത്തിനു പിന്നില്‍ കീടനാശിയിലെ രാസവസ്തുവെന്ന് സൂചന. ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍, ശാസ്ത്ര വിദഗ്ധര്‍ പറഞ്ഞു.
കീടനാശിനിയിലും മറ്റുമുള്ള ഓര്‍ഗാനോക്ലോറിന്‍ ഘടകമാണോ ആളുകള്‍ കുഴഞ്ഞുവീഴുന്ന രോഗത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്ന കീടനാശിനികളിലും കൊതുകു നശീകരണികളിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എളൂരുവില്‍ കണ്ട അജ്ഞാതരോഗത്തിനു പിന്നില്‍ ഇതാണെന്നു സംശയിക്കുന്നതായി വിദഗ്ധരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
രോഗകാരണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്തുനിന്നുള്ള വെള്ളത്തിന്റെയും പാലിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഘനലോഹത്തിന്റെ അംശം ഇവയില്‍ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. അതിനിടെ അജ്ഞാത രോഗം ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 450 കടന്നു. അപസ്മാരത്തിന് സമാനമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 45 കാരന്‍ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ആന്ധ്രാപ്രദേശിലെ എലുരുവിലാണ് കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ക്ക് ഒരേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ ആളുകളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപസ്മാരം, തലവേദന, ഛര്‍ദി എന്നി ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിച്ചത്. ഞായറാഴ്ച മുതലാണ് ജനങ്ങള്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. അപസ്മാര ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 വയസുള്ള ആളാണ് മരിച്ചത്.