കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അവര്‍ തെളിവ് ഹാജരാക്കിയിട്ടുണ്ട്. വിചാരണവേളയിലാണ് ഇതിന്റെ വസ്തുത പരിശോധിക്കേണ്ടത് എന്നും ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഉണ്ണിമുകുന്ദന്റെ ഹര്‍ജി തള്ളിയ ഉത്തരവിലാണ് കോടതി നിരീക്ഷണം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദന്‍ മജിസ്ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയെങ്കിലും രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാന്‍ ഫ്‌ലാറ്റിലെത്തിയപ്പോള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാന്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.