തിരുവനന്തപുരം: ഓൺലൈനിൽ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ ഉപഭോക്താക്കളടക്കം തലസ്ഥാനത്ത് തട്ടിപ്പിനിരയായി.ഡാർക്ക് വെബ് പോലുള്ള സൈബർ ഇടങ്ങളിൽ നിന്ന് വ്യക്തിവിവരം ചോർത്തിയാണ് തട്ടിപ്പ്. പതിവായി ഓൺലൈൻ പർച്ചേസിംഗ് നടത്തുന്നവരെയാണ് ഇരകളാക്കുന്നത്. ഒന്നിലധികം സാധനങ്ങൾ ഓർഡർ ചെയ്യുന്നവർ ക്യാഷ് ഓൺ ഡെലിവറി ചെയ്ത് പാക്കേജുകൾ നോക്കുമ്പോഴാണ് ഓർഡർ ചെയ്യാത്തവയും ഉണ്ടെന്നറിയുന്നത്. ഓർഡർ ചെയ്ത ആളാവില്ലല്ലോ പലപ്പോഴും സ്വീകരിക്കുക. പാക്കറ്റിൽ പറയുന്ന പണം നൽകും. ‘ഡെൽഹിവെറി ‘ പോലുള്ള കൊറിയർ സർവീസുകൾ വഴിയാണ് സാധനങ്ങൾ അയയ്ക്കുന്നത്.ബ്രഷിംഗ് സ്കാം എന്ന തട്ടിപ്പ് രീതിയാണ് ഉപയോഗിക്കുന്നതെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു.
പ്രോഡക്ടിന് വൻ വില്പനയാണെന്ന് കാണിക്കാനും വ്യാജ കസ്റ്റമർ റിവ്യൂയിലൂടെ വില്പന വർദ്ധിപ്പിക്കാനുമാണ് ബ്രഷിംഗ് സ്കാം ഉപയോഗിക്കുന്നത്. വില കുറഞ്ഞതും നിലവാരമില്ലാത്തതുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഭരണങ്ങൾ, മരുന്നുകൾ, പഴയ പുസ്തകങ്ങൾ എന്നിവയാണ് ഇത്തരത്തിൽ അയയ്ക്കുന്നത്.തട്ടിപ്പ് ഇങ്ങനെ: ഡാർക്ക് വെബിലോ സമൂഹമാദ്ധ്യമങ്ങളിലോ നിന്ന് പേര്, മെയിൽ-ഐഡി, മേൽവിലാസം, വയസ് തുടങ്ങിയവ ചോർത്തും. ഇവ ഉപയോഗിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ നിലവിലുള്ള അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയോ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയോ ചെയ്യും. ഇതിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യും. സാധനം ഉപഭോക്താവ് കൈപ്പറ്റിക്കഴിഞ്ഞാൽ ആ അക്കൗണ്ട് വഴി ഹാക്കർ തന്നെ പ്രോഡക്ടിനെപ്പറ്റി നല്ല റിവ്യൂ നൽകും. ഇതിലൂടെ കമ്പനിക്കും പ്രോഡക്ടിനുമുള്ള വിശ്വാസ്യത വർദ്ധിപ്പിക്കും. കാഷ് ഓൺ ഡെലിവറി ചെയ്യുന്നവർക്ക് വേണ്ടാത്ത സാധനത്തിന് പണവും പോകും. റിട്ടേൺ ഓപ്ഷൻ ഉണ്ടായിരിക്കില്ല. മക്കൾ വിദേശത്തുള്ളവർക്കും പ്രായമായവർക്കും റിട്ടേൺ സേവനങ്ങളെക്കുറിച്ച് അവബോധം കുറവായിരിക്കും.