കോഴഞ്ചേരി : അയിരൂര്‍ – പത്തനംതിട്ട റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പി.ഐ.പി കനാലിനടുത്ത് കോട്ടക്കാരന്‍ മുറിപടിക്ക് സമീപത്തുള്ള കലുങ്ക് നിര്‍മ്മാണത്തിലെ അശാസ്‌ത്രീയത പരിഹരിക്കണമെന്ന് സി.പി.ഐ ചെറുകോല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തുള്ള കലുങ്ക് പൊളിച്ചു മാറ്റി പുതിയത് പണിയണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. കെ.എസ്.ടി.പി എന്‍ജിനീയര്‍മാര്‍ സ്ഥലം സന്ദര്‍ശിക്കുകയും നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് പുതിയ കലുങ്ക് നിര്‍മ്മിക്കുന്നതിന് അനുമതി കൊടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ കരാറുകാരന്‍ ഇതൊന്നും കൂട്ടാക്കാതെ 65 വര്‍ഷത്തിലധികം പഴക്കമുള്ള പഴയ കലുങ്കിന്റെ അടിയിലെ മണ്ണ് നീക്കം ചെയ്‌ത് റോഡിന് സമീപം ഒരു ചെറിയ ഓട നിര്‍മ്മിച്ച് പഴയ സ്ലാബിന്റെ മുകളില്‍ കൂടി ടാര്‍ ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്.
റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാഴക്കുന്നത്തിനും കണമുക്ക് ജംഗ്ഷനുമിടയില്‍ ഉണ്ടായിരുന്ന പഴയ കലുങ്കുകള്‍ പൊളിച്ചു പണിതപ്പോഴും കോട്ടക്കാരന്‍ മുറി പ്രദേശത്ത് പുതിയത് പണിയുവാന്‍ കരാറുകാരന്‍ തയ്യാറായില്ല. ഈ രീതിയില്‍ പണി തുടര്‍ന്നാല്‍ പ്രദേശത്തെ തോടുകളില്‍ നിന്നും മഴക്കാലത്ത് വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മണലും ചെളിയും ആഴംകുറഞ്ഞ കലുങ്കിനടിയില്‍ നിറയുകയും നീരൊഴുക്ക് തടസപ്പെട്ട് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്യും. പ്രദേശത്തെ പഴയ കലുങ്ക് പൊളിച്ചു മാറ്റി നിലവിലെ ആഴം വര്‍ധിപ്പിച്ച് പുതിയത് നിര്‍മ്മിച്ച് അശാസ്‌ത്രീയത പരിഹരിക്കണമെന്ന് സി.പി.ഐ ചെറുകോല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കല്‍ കമ്മിറ്റി അംഗം അബ്‌ദുള്‍ ഗഫൂര്‍ പാറക്കടവില്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി എം.ബി. ബിജു, അബ്‌ദുള്‍ ഫസില്‍, റഹിംകുട്ടി, തോമസ് കെ. തോമസ് എന്നിവര്‍പ്രസംഗിച്ചു.