കുവൈത്ത് സിറ്റി: രാജ്യത്ത് അസ്ഥിര കാലാവസ്ഥ വെള്ളിയാഴ്ച വൈകുന്നേരം വരെ തുടരും. ഞായറാഴ്ച രാത്രിയിലെ ശക്തമായ കാറ്റിന് പിറകെ തിങ്കളാഴ്ച വൈകുന്നേരവും രാജ്യം കനത്ത കാറ്റിന് സാക്ഷിയായി. ആഞ്ഞുവീശിയ കാറ്റിൽ പൊടിപടലങ്ങൾ ഉയർന്നു അന്തരീക്ഷത്തെ മൂടി. പൊടിപടലങ്ങൾ കാരണം മിക്കയിടത്തും തിരശ്ചീന ദൃശ്യപരത കുറഞ്ഞു. ഇത് വാഹന ഗതാഗതത്തെ ബാധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. ഇടവിട്ടുള്ള കാറ്റും ചാറ്റൽ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ ഭൂപടങ്ങൾ സൂചിപ്പിക്കുന്നു.
ഞായറാഴ്ച രാത്രി കുവൈത്തിൽ ശക്തമായ കാറ്റ് ആഞ്ഞുവീശിയിരുന്നു. രാത്രി പത്തോടെ ആരംഭിച്ച കാറ്റ് ജനങ്ങളെ ദുരിതത്തിലാക്കി. മണിക്കൂറിൽ ശരാശരി 70 കിലോമീറ്ററിൽ കൂടുതൽ വേഗലാണ് കാറ്റ് വീശിയത്. വടക്കൻ പ്രദേശങ്ങളിൽ കാറ്റ് 100 കിലോമീറ്ററിൽ കൂടുതൽ വേഗവും കൈവരിച്ചു. ഇതോടെ തിരശ്ചീന ദൃശ്യപരത പലയിടത്തും പൂജ്യമായി കുറഞ്ഞു. പൊടിക്കാറ്റ് കാരണം കുവൈത്തിലേക്ക് വന്ന ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുർബലമായ ടെന്റുകൾ പലതും തകർന്നു. ഗതാഗത തടസ്സവും നേരിട്ടു. ചില പ്രദേശങ്ങളിൽ നേരിയ മഴയും ഇടിമിന്നലുമുണ്ടായി. വരും ദിവസങ്ങളിലും കാറ്റിന് സാധ്യത ഉള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി.