അമേരിക്ക: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി ഡോക് ചെയ്ത് ബോയിംഗ് സ്റ്റാർലൈനർ. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും, സഹ സഞ്ചാരിയായ ബുച്ച് വിൽമോറുമാണ് ഈ യാത്രയിലൂടെ പുതിയ ചരിത്രം കുറിച്ചത്. ഹീലിയം ചോർച്ച ഉൾപ്പെടെയുള്ള ചില സാങ്കേതിക തകരാറുകളെ തുടർന്ന് പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകി, ഇന്ത്യൻ സമയം 11.07ഓടെയാണ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. 26 മണിക്കൂറിലധികം സമയമെടുത്താണ് പേടകം ഐഎസ്എസിൽ ഡോക് ചെയ്തത്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ മൂന്നാമത്തെ യാത്ര നൃത്തം ചെയ്താണ് സുനിത വില്യംസ് ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. നിലവിൽ ഐഎസ്എസിലുള്ള ഏഴ് ബഹിരാകാശ യാത്രികരും ചേർന്നാണ് ഇരുവരേയും സ്വാഗതം ചെയ്തത്. നിലയത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി പരമ്പരാഗതമായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നതും വീഡിയോയിൽ കാണാം. തന്റെ മറ്റൊരു കുടുംബമാണിതെന്നും, ഇവിടേക്കുള്ള സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായും സുനിത വില്യംസ് പറയുന്നു.