കൊച്ചി : കേരളത്തിലെ മഴ മുന്നറിയിപ്പുകൾ ഒരു കാലത്ത് ആശങ്കയാണ് നിറച്ചിരുന്നതെങ്കിൽ ഇന്ന് കാറും കോളുമെല്ലാം പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. അതിന് കാരണം അടുത്തിടെയായി നാം നേരിട്ടുകൊണ്ടിരിക്കുന്ന ജലത്തിന്റെ ലഭ്യത കുറവ് തന്നെയാണ്. മാത്രമല്ല ഇനി വരാനിരിക്കുന്ന കാലം കടുത്ത വരൾച്ചയുടെതായിരിക്കുമെന്ന മുന്നറിയിപ്പും ലഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇതുവരെ ലഭിക്കേണ്ടിയിരുന്ന മഴയുടെ നേർപകുതി മാത്രമാണ് നമുക്ക് ലഭിച്ചത്. അതിനാൽ തന്നെയും ഡാമുകൾ അടക്കം വറ്റി വരണ്ടു തുടങ്ങിയിരിക്കുകയാണ്. കുടി വെള്ളത്തിനായി ആളുകൾ ഇപ്പോഴേ നെട്ടോട്ടമോടാൻ തുടങ്ങിയിരിക്കുന്നു. പസഫിക് സമുദ്രോപരിതലത്തിൽ അസാധാരണമായ വിധം ചൂട് പിടിപ്പിക്കുന്ന പ്രതിഭാസവും കാലവർഷത്തിന്റെ കുറവുമാണ് വരൾച്ചക്ക് കാരണം എന്നാണ് വിലയിരുത്തൽ.
ഇന്ന് മഴ ലഭ്യതയിൽ നേരിയ കുറവെങ്കിൽ വരാനിരിക്കുന്ന വർഷങ്ങളിലെ അവസ്ഥ എന്താകുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയുന്നതെ ഉള്ളൂ. അതിനാൽ മഴ അധികം പ്രതീക്ഷിക്കേണ്ട എന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്നത്. കാലാവർഷം കുറവെങ്കിൽ അടുത്ത പ്രതീക്ഷ നവംബറിൽ പെയ്യുന്ന മഴയിൽ ആയിരിക്കും. എന്നാൽ നവംബറിലെ മഴയുടെ കാര്യത്തിലും കാര്യമായ പ്രതീക്ഷ വേണ്ട. വരൾച്ച അനുഭവപ്പെടുക നഗരങ്ങളിൽ ആണ്, ഗ്രാമ പ്രദേശങ്ങളിലല്ല എന്ന നിഗമനത്തിൽ എത്താൻ വരട്ടെ. കേരളത്തിലെ എല്ലാ ജില്ലകളും വരൾച്ചയുടെ പിടിയിലമരുമെന്നാണ് സി.ഡബ്ല്യു.ആർ.ഡി.എം നൽകുന്ന സൂചന. പകുതിയിലേറെ ജില്ലകളിൽ ഇപ്പോൾ തന്നെ വരൾച്ച അനുഭവപ്പെട്ടു കഴിഞ്ഞു. അതിനാൽ വരാനിരിക്കുന്ന വരൾച്ചയെ മുന്നിൽക്കണ്ടു കൊണ്ടാണ് നാം ഇപ്പോള്‍ പ്രവർത്തിക്കേണ്ടത്. എന്ത് കാര്യമായാലും ക്ഷാമം വരുമ്പോൾ ശേഖരിച്ചു വെക്കുക എന്നൊരു പതിവുണ്ട്. ജലത്തിന്റെ കാര്യത്തിലും അത്തരത്തിലൊരു പതിവ് ആവർത്തിക്കണം.
പുരപ്പുര ജലസംഭരണം അടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടേണ്ടതുണ്ട്. ഉപേക്ഷിക്കപ്പെട്ട ക്വാറികൾ ജലസംഭരണികളാക്കുകയും ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിച്ച് സാഹചര്യം അനുകൂലമാക്കുകയും ചെയ്യേണ്ടതുണ്ട്. ജലം ശേഖരിക്കുന്നതിനൊപ്പം മിതമായ ഉപയോഗവും ശീലിക്കേണ്ടതുണ്ട്. മാത്രമല്ല ജലസംരക്ഷണത്തിനുവേണ്ടി സമഗ്രമായ കർമപദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കുവാനും സർക്കാരും തദ്ദേശസ്ഥാപനങ്ങളും മുന്നോട്ടുവരുകയും വേണം. എന്നാൽ വരൾച്ചയെ നേരിടുവാനുള്ള സർക്കാർ നടപടികൾ അൽപം നേരത്തെ ആവണം എന്നായിരുന്നു ശാസ്ത്രലോകം പറയുന്നത്. ഇനിയും ദിവസങ്ങൾ അകലെയല്ല, ഇന്ന് മുതൽ തുടങ്ങിയാൽ നാളെ ഒരു പരിധിവരെ ജലക്ഷാമത്തെ ചെറുക്കുവാൻ നമുക്ക് സാധിക്കും.