ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തുടര്‍ച്ചായി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. അതും നല്ലൊരു വിഭാഗം പാവപ്പെട്ട പട്ടികജാതി, വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളാണ്. അതിലെ അവസാന സംഭവമാണ് ഹത്‌റാസില്‍ നടന്നത്.
പ്രതിപക്ഷ പാര്‍ട്ടികളും എന്‍ജിഒകളും സമര രംഗത്താണ്. രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും സത്യാവസ്ഥ അറിയാനുമാണ് പോയിരിക്കുന്നത്. കാട്ടുനീതിയാണ് നടക്കുന്നതെന്നും കുടുംബത്തെ കാണാതെ തിരിച്ചുമടങ്ങുന്ന പ്രശ്‌നമില്ലെന്നും എ കെ ആന്റണി.
നിര്‍ഭയയെ ഗൗരവമായി ആണ് യുപിഎ ഗവണ്‍മെന്റ് കണ്ടത്. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ നിര്‍മാണം നടത്തി. ക്രൂരമായ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവര്‍ അല്ലെങ്കില്‍പോലും കടുത്ത ശിക്ഷ നല്‍കാനുള്ള നിയമ നിര്‍മാണമാണ് നടത്തിയതെന്നും എ കെ ആന്റണി പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കൃത്യം മറച്ച്‌വെയ്ക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കുടംബത്തെ മൃതദേഹം കാണാന്‍ സമ്മതിച്ചില്ല. മൃതദേഹം കത്തിച്ചുകളഞ്ഞു. എന്താണ് ഇത്ര രഹസ്യമെന്നും എ കെ ആന്റണി ചോദിച്ചു.