ലക്നൗ: ഉത്തര്‍പ്രദേശിലെ ഹസ്രാത്തില്‍ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പോലീസ് വഴിയില്‍ തടഞ്ഞു. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതിനാല്‍ അങ്ങോട്ടേക്ക് പോകാനാവില്ലെന്നും പറഞ്ഞുകൊണ്ടാണ് ഇരുവരുടെയും വാഹനങ്ങള്‍ പോലീസ് തടഞ്ഞത്. അതോടെ ഇരുവരും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി കാല്‍നടയായി മുന്നോട്ടു നീങ്ങി. തുടര്‍ന്നും തടയാന്‍ ശ്രമിച്ചതോടെ പോലീസും രാഹുലുമായി രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. അതോടെ പോലീസ് പിന്‍വാങ്ങി. തുടര്‍ന്ന് ഇരുവരും കാല്‍നടയായി പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് പോവുകയാണ്. എന്തുസംഭവിച്ചാലും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്നാണ് ഇരുവരും പറയുന്നത്. പോലീസ് ഇവരെ അനുഗമിക്കുന്നുണ്ട്.
ഇന്നാണ് പെണ്‍കുട്ടിയുടെ ഗ്രാമമായ ബൂല്‍ഗാര്‍ഗിയിലേക്കുള്ള എല്ലാ വഴികളിലും പോലീസ് ബാരിക്കേഡുകള്‍ വെച്ച് അടച്ചത്. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ സന്ദര്‍ശനത്തിന് തടസമുണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദര്‍ശനം തടയുകയാണ് ലക്ഷ്യമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
അതിനിടെ പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് നട്ടെല്ലിനേറ്റ ഗുരുതര പരിക്കാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു, സുഷുമ്ന നാഡിക്കുണ്ടായ ക്ഷതം വഴിയുണ്ടായ അണുബാധയാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്തിലെ എല്ലുകള്‍ക്കും കാര്യമായ പൊട്ടലുണ്ട്. കഴുത്ത് ഞെരിക്കുന്നതിനിടെയാകാം ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. കഴുത്തിന് ചുറ്റും പാടുകളുമുണ്ട്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്തും പരിക്കുണ്ട്. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി മരിച്ചത്.അന്ത്യകര്‍മ്മങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ പൊലീസ് ബലംപ്രയോഗിച്ച് സംസ്കാരം നടത്തുകയായിരുന്നു എന്നാരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പ്രതികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാന്‍ മടികാണിച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യാഥ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിഷനെ നിയോഗിച്ചത്. ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.