ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും പണമിടപാടുകൾക്കായി ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള യുപിഐ ആപ്പുകളെ ആണ് ആശ്രയിക്കുന്നത്. വളരെ സുരക്ഷിതമായി തന്നെ ഇത്തരം ആപ്പുകളിലൂടെ നമുക്ക് പണമിടപാട് നടത്താവുന്നതാണ്. എന്നാൽ പല ഉപഭോക്താക്കളെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് ഇത്തരം പേമെന്‍റ് നടത്തുമ്പോൾ ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ. ഇന്‍റര്‍നെറ്റിന്‍റെ അഭാവം, ബാങ്ക് സെർവർ ബിസി തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരം പേമെന്‍റ് സംവിധാനങ്ങളെ ബാധിക്കാറുണ്ട്. ഉദാഹരണത്തിന് നമ്മൾ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്ന് കരുതുക. ഭക്ഷണത്തിന് ശേഷമായിരിക്കും ബില്ല് കൊടുക്കാനായി നമ്മൾ യുപിഐ ആപ്പുകൾ തുറക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത് വലിയ തലവേദനയാണ് ഉപഭോക്താക്കൾക്ക് ഉണ്ടാക്കുക. യുപിഐ ആപ്പുകൾ കൈവശം ഉള്ളതിനാൽ തന്നെ പേഴ്സും നമ്മൾ കൈയ്യിൽ കൊണ്ടുനടക്കാൻ സാധ്യത കുറവാണ്.
എന്നാൽ വളരെ നിസാരമായി ഇത്തരം പ്രശ്നങ്ങൾ നമ്മുക്ക് പരിഹരിക്കാൻ സാധിക്കും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ ? അതും ഒരു ഫോൺ കോളിലൂടെ നിങ്ങൾക്ക് പണമിടപാട് നടത്താവുന്നതാണ്. ഇതിന് ഇന്റർനെറ്റിന്റെ പിന്തുണയും വേണ്ട. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. ഇതിനായി ആദ്യം നിങ്ങളുടെ യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിൽ നിന്ന് 080-45163666 എന്ന നമ്പറിലേക്ക് കോൾ ചെയ്യുക. പിന്നീട് വരുന്ന ഓപ്ഷനിൽ നിങ്ങളുടെ യുപിഐ പിൻ ചേർക്കണം. ആദ്യ തവണ മാത്രമേ ഇത്തരത്തിൽ യുപിഐ പിൻ ചേർക്കേണ്ട ആവശ്യം വരുന്നുള്ളു. ശേഷമുള്ള കോളുകൾക്ക് എല്ലാം ഓട്ടോമാറ്റിക്ക് ആയി തന്നെ നിങ്ങളുടെ പിൻ ഇവിടെ ചേർക്കുന്നതായിരിക്കും. ശേഷം നിങ്ങൾ നൽകേണ്ട തുക എത്രയാണെന്ന് ഫോണിന്‍റെ ഡയൽ പാഡിൽ തന്നെ ടൈപ്പ് ചെയ്ത് നൽകാവുന്നതാണ്. ഇത്തരത്തിൽ ചെയ്ത് ok നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെ തന്നെ പേമെന്‍റ് ചെയ്യാൻ സാധിക്കുന്നതാണ്.
പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട് കഴിഞ്ഞാൽ ഇത് സ്ഥിരീകരിച്ചുകൊണ്ടുള്ള ഒരു എസ്എംഎസും നിങ്ങളുടെ ഫോണിലേക്ക് വരുന്നതായിരിക്കും. വളരെ സേഫ് ആയി തന്നെ ഈ സേവനം നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. അതേ സമയം ഇന്റർനെറ്റ് ഇല്ലാതെ പണമിടപാട് നടത്താൻ യുപിഐ ലൈറ്റ് എന്ന ഓപ്ഷനും മാസങ്ങൾക്ക് മുമ്പ് ആർബിഐ അവതരിപ്പിച്ചിരുന്നു. നിങ്ങളുടെ മെയിൻ അക്കൗണ്ടിൽ നിന്ന് പണം യുപിഐ ലൈറ്റിലേക്ക് മാറ്റിയാലാണ് ഇതിന്റെ സേവനം നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കു. ഒരു ദിവസം പരമാവധി 2000 രൂപ വരെയാണ് ലൈറ്റ് യുപിഐ വാലറ്റിൽ ലോഡ് ചെയ്യാൻ സാധിക്കുക. ഒരു ദിവസം നടത്താവുന്ന പണമിടപാടിന്റെ പരിധി 4000 രൂപയായും ഇതിൽ നിശ്ചയിച്ചിരിക്കുന്നു. തത്സമയം പണം നൽകുന്ന ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനത്തെ ആശ്രയിച്ചല്ല യുപിഐ ലൈറ്റ് പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബാങ്കിന്റെ സെർവർ ഡൗൺ പ്രശ്നങ്ങൾ യുപിഐ ലൈറ്റ് പേമെന്റില്‍ ഉപഭോക്താക്കളെ ബാധിക്കില്ല. ഗൂഗിൾ പേയ്ക്ക് പുറമെ ഫോൺ പേ മറ്റ് യുപിഐ ആപ്പുകൾ എന്നിവയിലെല്ലാം യുപിഐ ലൈറ്റിന്റെ സേവനം ലഭിക്കുന്നതാണ്. അതേ സമയം വോയിസ് കമാന്റ് വഴി പണമിടപാട് നടത്താനുള്ള ഫീച്ചർ അടുത്തിടയ്ക്ക് നാഷണൽ പേമെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയിരുന്നു. ഹലോ യുപിഐ എന്നാണ് ഈ ഫീച്ചർ അറിയപ്പെടുന്നത്. എഐ സഹായത്തോടെണ് ഹലോ യുപിഐ പ്രവർത്തിക്കുന്നത്.