സംഭാഷണങ്ങളിലൂടെ യുപിഐ പേമെന്‍റ് നടത്താനുള്ള സംവിധാനം അവതരിപ്പിച്ച് നാഷണൽ പേമെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ഫീച്ചർ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഹലോ യുപിഐ എന്നായിരിക്കും പുതിയ ഫീച്ചർ അറിയപ്പെടുക. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതോടെ പ്രതിമാസം 100 ബില്യൺ ഇടപാടുകൾ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻപിസിഐ പറഞ്ഞു. നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ആയിരിക്കും ഹലോ യുപിഐയുടെ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ഉടൻ തന്നെ മറ്റ് ഭാഷകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.
ആപ്പുകൾ, ടെലികോം കോളുകൾ, ഐഒടി ഉപകരണങ്ങൾ എന്നിവ വഴി വോയ്‌സ് നൽകി യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും പുതിയ ഫീച്ചർ. എഐ സഹായത്തോടെയായിരിക്കും ഹലോ യുപിഐ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളെ ഡിജിറ്റൽ പേമെന്‍റ് വ്യവസ്ഥയിലേക്ക് ആകർഷിക്കുന്നതായിരിക്കും പുതിയ മാറ്റം. ബിൽപേ കണക്ട്, ഭാരത് ബിൽപേ എന്നിങ്ങനെ രണ്ട് പേരുകളിലായാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം നമ്പറും അവതരിപ്പിച്ചിട്ടുണ്ട്. ഈ നമ്പറിലേക്ക് ഹായ് അയച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി ബില്ലുകൾ വാങ്ങാനും അടയ്ക്കാനും കഴിയും.
എന്നാൽ സ്മാർട്ട് ഫോണോ മൊബൈൽ ഡാറ്റാ ഇല്ലാത്തവർക്കോ ആയി മറ്റൊരു സേവനവും എൻപിസിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്ക് നൽകിയിരിക്കുന്ന നമ്പറിൽ മിസ് കോൾ നൽകിയാൽ ബില്ലുകൾ അടയ്‌ക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. ഇത്തരക്കാർക്ക് സ്ഥിരീകരണത്തിനും പേയ്‌മെന്റ് അംഗീകാരത്തിനുമായി തിരിച്ച് ഒരു കോൾ വരുന്നതാണ്. ഈ കോൾ വഴി ഉപഭോക്താക്കൾക്ക് സംസാരിച്ച് പണം അടയ്ക്കാൻ സാധിക്കും. ബിൽപേ കണക്ടും ഇത്തരത്തിൽ വോയ്‌സ് അസിസ്റ്റഡ് ബിൽ പേയ്‌മെന്റ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട് ഉപകരണങ്ങളിൽ നിന്ന് വോയ്‌സ് കമാൻഡുകൾ വഴി ബില്ലുകൾ വാങ്ങാനും അടയ്‌ക്കാനും തൽക്ഷണ വോയ്‌സ് സ്ഥിരീകരണം നേടാനും സാധിക്കുന്നതാണ്. ഇതിന് പുറമെ യുപിഐയിൽ പുതിയ ക്രെഡിറ്റ് ലൈൻ അവതരിപ്പിക്കാനും എൻപിസിഐ ശ്രമിച്ചിട്ടുണ്ട്. ഇതുവഴി ക്രെഡിറ്റിലേക്കുള്ള ആക്‌സസ് വിപുലീകരിക്കുന്നതിനും സാമ്പത്തിക ഉൾപ്പെടുത്തലും നവീകരിക്കാനും സാധിക്കുന്നതാണ്.