പത്തനംതിട്ട : നഗരസഭ പ്രദേശത്ത് നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാനിൽ കുമ്പഴ സ്കീം ചർച്ച ചെയ്യാതെ പാസാക്കുവാനുള്ള ചെയർമാൻ്റെ നടപടിക്കെതിരെ നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി എഫ് കൗൺസിലർമാരുടെ പ്രതിഷേധം. നിരവധി വിഷയങ്ങൾ അജണ്ടയായി ഉൾപെടുത്തിയ കൗൺസിൽ യോഗമാണ് ചേർന്നത്. എന്നാൽ കുമ്പഴ സ്കീം ചർച്ച ചെയ്യുവാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ ജാസിം കുട്ടി യോഗത്തിൽ ആവശ്യപ്പെട്ടു. ഒരു ചർച്ചയുമില്ലെന്നും ഇന്ന് തന്നെ പാസാക്കുകയാണെന്നും ചെയർമാൻ പറഞ്ഞതിനെ തുടർന്ന് യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധവുമായി മുന്നോട്ട് വന്നു.
നിരവധി ദുരൂഹതകളുമായിട്ടാണ് ഭരണസമിതി വന്നിട്ടുള്ളതെന്നും കുമ്പഴ പ്രദേശത്തിന് ദോഷം വരുന്ന നിർദ്ദേശങ്ങൾ മാറ്റണമെന്നും യു ഡി എഫ് അംഗങ്ങൾ വാദിച്ചു. വാഗ്വാദങ്ങൾക്കിടയിൽ അജണ്ട പാസായതായി പറഞ്ഞ് ചെയർമാർ ചേംബർ വിട്ടിറങ്ങിപോയി. അജണ്ട ചർച്ച ചെയ്യുവാൻ വീണ്ടും കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് അംഗങ്ങൾ ഒപ്പിട്ട് ചെയർമാന് നോട്ടീസും നൽകി. യു ഡി എഫ് അംഗങ്ങളായ അഡ്വ എ സുരേഷ് കുമാർ, അഡ്വ. റോഷൻ നായർ, എം സി ഷെറീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി കെ അർജുനൻ, ആനി സജി, മേഴ്സി വർഗീസ്, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ് എന്നിവർ സംസാരിച്ചു.