കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇന്‍റർലോക്ക് ടൈൽസ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിട സ്ഥാപനത്തിനുള്ള സർക്കാർ പുരസ്ക്കാരം. കേരളസർക്കാരിന്‍റെ ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്‍റെ 2024-ലെ ‘കേരള സംസ്ഥാന വ്യാവസായിക സുരക്ഷാ അവാർഡ്’ സഹകരണമന്ത്രി വി. എൻ. വാസവൻ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സമ്മാനിച്ചു. പ്ലാസ്റ്റിക്, ആയുർവേദ ഔഷധം, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്‍റ് തുടങ്ങിയ മേഖലകളിലെ 20 വരെ തൊഴിലാളികളുള്ള ഫാക്റ്ററികളുടെ വിഭാഗത്തിലാണ് അവാർഡ്. കോട്ടയം ജില്ലയിലെ പാലായിലാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ പുരസ്‌ക്കാരത്തിനർഹമായ ഇന്‍റർലോക്ക് ടൈൽസ് യൂണിറ്റ്.
ഊരാളുങ്കൽ സൊസൈറ്റിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ കെ. പി. ജിനേഷ്, സൈറ്റ് ലീഡർ പി. ടി. പ്രദീപ്, യൂണിറ്റ് മാനേജർ ശരത്ലാൽ, എൻവയണ്‍മെന്‍റ് മാനേജർ ബി. രാജേഷ്, അസി. മാനേജർ ആർ. ജി. രാഹുൽ, സീനിയർ അക്കൗണ്ടന്‍റ് ബിജുകുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്, തൊഴിൽ വകുപ്പു സെക്രട്ടറി ഡോ. കെ. വാസുകി, ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്‌ടർ പി. പ്രമോദ്, മലിനീകരണനിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി ഡോ. എ.എം. ഷീല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധഘടകങ്ങളിലെ മികവാണ് സൊസൈറ്റിയുടെ യൂണിറ്റിനെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. ഒറ്റ മേൽക്കൂരയ്ക്കുകീഴെ പൂർണ്ണമായും കവചിതമായാണ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. അഗ്നിരക്ഷയ്ക്കുള്ള മികച്ച സംവിധാനങ്ങളും ജലസംഭരണിയും അഗ്നിസുരക്ഷാവകുപ്പുമായി ചേർന്നും അല്ലാതെയും നടത്തുന്ന മോക് ഡ്രില്ലുകളടക്കം തൊഴിലാളികൾക്കു നല്കുന്ന കൃത്യമായ സുരക്ഷാപരിശീലനവും അവാർഡ് കമ്മിറ്റി പരിഗണിച്ചു.
തൊഴിലാളികളുടെ ആരോഗ്യസുരക്ഷയ്ക്കു മുന്തിയ പരിഗണന നല്കുന്ന സൊസൈറ്റി തൊഴിലാളികളെ റൊട്ടേഷൻ രീതിയിൽ നിരന്തരം മാറ്റുകയും യഥാസമയം ആരോഗ്യപരിശോധനകൾ നടത്തുകയുമെല്ലാം ചെയ്യുന്നുണ്ട്. എല്ലാ അനുമതികളോടെയും എല്ലാ നിയമവും പാലിച്ചു പ്രവർത്തിക്കുന്ന ഇന്‍റർലോക്ക് യൂണിറ്റ് സുരക്ഷാസംബന്ധമായ എല്ലാ രേഖകളും ശാസ്ത്രീയമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളും പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കാൻ സഹായകമായി.