പത്തനംതിട്ട : നഗര സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പൂച്ചെടികളുടെ പരിപാലനത്തിനും പ്രത്യേക പദ്ധതി തയ്യാറാക്കി മാതൃകയാവുകയാണ് നഗരസഭ. അമൃത് മിത്ര പദ്ധതിയിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ളതും പുതിയ പദ്ധതികളുടെ ഭാഗമായി വെച്ചു പിടിപ്പിക്കുന്നതുമായ ചെടികളുടെയും തണൽ മരങ്ങളുടെയും പരിപാലനത്തിനായി പരിശീലനം നേടിയവരെയാകും നിയോഗിക്കുക. നഗരസൗന്ദര്യവൽക്കരണത്തിന്റെ ആദ്യഘട്ടമായി നഗരത്തിലെ പ്രധാന റോഡുവക്കിൽ ചട്ടികളിൽ പൂച്ചെടികൾ സ്ഥാപിച്ചിരുന്നു. ജനറൽ ആശുപത്രി മിനി സിവിൽ സ്റ്റേഷൻ റോഡ്, കുമ്പഴ എന്നിവിടങ്ങളിൽ ഇവയുടെ പരിപാലനം പദ്ധതിയിലൂടെ ഉറപ്പാക്കും. പുതിയതായി നിർമ്മിക്കുന്ന ടൗൺ സ്ക്വയർ, നവീകരണം പൂർത്തിയാകുന്ന നഗരസഭ ബസ്റ്റാൻഡ് എന്നിവയോട് ചേർന്ന് വെച്ചുപിടിപ്പിക്കുന്ന പൂച്ചെടികളുടെയും തണൽമരങ്ങളുടെയും പരിപാലനവും പദ്ധതിയുടെ ഭാഗമാകും.
പദ്ധതിയുടെ ഭാഗമായി ആറു പേരടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് ആദ്യഘട്ടത്തിൽ നിയോഗിക്കുക. ഇവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിശീലനം നൽകും. കുടുംബശ്രീ അംഗങ്ങളായ വനിതകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂച്ചെടികളും തണൽ മരങ്ങളും വെച്ചുപിടിപ്പിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവയുടെ പരിപാലനവും. ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിനായി പദ്ധതി തയ്യാറാക്കുമ്പോൾ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള വനിതകൾക്ക് വരുമാനവും ഉറപ്പാക്കാവുന്ന തരത്തിലാണ് ഭരണസമിതി വിഭാവനം ചെയ്തിരിക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.