പത്തനംതിട്ട : മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രണ്ടു വാഹനങ്ങൾ കൂടി നിരത്തിലിറക്കിയിരിക്കുകയാണ് നഗരസഭ. മാലിന്യ മുക്തം നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് വാഹനം കൈകാര്യം ചെയ്യുന്നത് നഗരത്തിലെ ഹരിത കർമ്മ സേനയാണ്. മുനിസിപ്പൽ ഓഫീസിനുമുന്നിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. മാലിന്യ നീക്കവും സംസ്കരണവും കൂടുതൽ വേഗത്തിലാകുന്നത് നഗര ശുചിത്വത്തിൽ വളരെ പ്രധാനമാണ്. ജനങ്ങൾക്ക് മികച്ച സേവനവും ഹരിത കർമ്മ സേനയ്ക്ക് തൊഴിലെടുക്കാൻ മെച്ചപ്പെട്ട സൗകര്യവും എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി വർഗീസ്, കൗൺസിലർമാരായ അനില അനിൽ, ശോഭ കെ മാത്യു, എ.അഷറഫ്, വിമല ശിവൻ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, ക്ലീൻ സിറ്റി മാനേജർ വിനോദ് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ എം എസ്, അനിന, ഗ്രീൻ വില്ലേജ് കോഡിനേറ്റർ പ്രസാദ്, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡൻ്റ് ഷീന, സെക്രട്ടറി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം മിനി എംസിഎഫുകളിലേയ്ക്ക് എത്തിക്കുക, അവിടെ നിന്ന് എം സി ഫിൽ എത്തിക്കുക, തരം തിരിച്ച മാലിന്യം ബൈൽ ചെയ്തു ആർ ആർ എഫിൽ എത്തിക്കുക എന്നീ ആവശ്യങ്ങൾക്കാണ് ഈ വാഹനങ്ങൾ പ്രധാനമായി ഉപയോഗിക്കുക. ജൈവ മാലിന്യ സംസ്കരണമുൾപ്പെടെ നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ്മസേന നൽകുന്ന മറ്റ് സേവനങ്ങൾക്കും ഇവ പ്രയോജനപ്രദമാകും. നഗരസഭയിലെ ഹരിത കർമ്മ സേനയിലെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് വാഹനം ഓടിക്കുന്നതിന് പ്രത്യേക പരിശീലനം നൽകിയിരുന്നു.