കൊച്ചി: ചെല്ലാനം കണ്ണമാലി മേഖലയിൽ കടൽ ക്ഷോഭം തടയാൻ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച് കലക്ടർ യോഗം വിളിച്ച് തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഇറിഗേഷൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ഹർജിക്കാരുടെ അഭിഭാഷകരെയും ഉൾപ്പെടുത്തി യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കലക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. കടൽ ക്ഷോഭത്തിന് താൽക്കാലിക പരിഹാരമായി തീരത്ത് മണൽ നിറച്ച ജിയോ ബാഗുകൾ സ്ഥാപിക്കാൻ കാലതാമസമെന്തെന്ന് ആരാഞ്ഞ കോടതി ഇതുവരെ സ്വീകരിച്ച നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ ഇല്ലാത്തതിനാൽ ജിയോ ബാഗുകൾ സ്ഥാപിക്കാൻ തടസ്സമില്ലെന്ന് രണ്ടു മാസം സമയം വേണമെന്ന അധികൃതരുടെ ആവശ്യം തള്ളി കോടതി വ്യക്തമാക്കി.
രണ്ടോ മൂന്നോ ദിവസം മതിയാകുമെന്നാണ് പദ്ധതിയുടെ രൂപരേഖ പരിശോധിച്ചതിൽനിന്ന് മനസ്സിലാകുന്നതെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് ചർച്ചകളിലൂടെ വിഷയത്തിൽ തീരുമാനമെടുക്കാൻ നിർദേശിച്ചത്. ചെല്ലാനം മേഖലയിലെ കടൽ ക്ഷോഭം തടയാൻ ദീർഘകാല പദ്ധതികൾ വേണമെന്നും മൺസൂൺ കാലത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരനായ ടി.എ. ഡാൻഫിൻ ഉൾപ്പെടെ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചെല്ലാനം മുതൽ ഫോർട്ട്കൊച്ചിവരെ കടൽഭിത്തി നിർമിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കടൽ ഭിത്തി നിർമാണം പൂർത്തിയാകാത്ത ഭാഗത്തെ കടൽ ക്ഷോഭം തടയാൻ താൽക്കാലിക പരിഹാരമായാണ് ജിയോ ബാഗുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചിരിക്കുന്നത്.