വാഷിങ്ടൻ : കോവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ ശ്രമിച്ചതായി യുഎസ് ആരോപണം. പ്രതിരോധ വിവരങ്ങളും സോഫ്റ്റ്‍വെയര്‍ സോഴ്സ് കോഡുകളുമാണു ചോർത്താൻ ശ്രമിച്ചതെന്നും സംഭവത്തിൽ രണ്ട് ചൈനീസ് ഹാക്കർമാർക്കെതിരെ കേസെടുത്തെന്നും യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. കോവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഭൗതിക സ്വത്തവകാശം (intellectual property) മോഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് ചൈനീസ് ഹാക്കർമാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചൈനീസ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎസ് ആരോപിച്ചു.
ചൈനയിലെയും ഹോങ്കോങ്ങിലെയും ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന സാമൂഹ്യപ്രവർത്തകരെയും ചൈനീസ് ഹാക്കർമാർ ലക്ഷ്യം വെയ്ക്കുന്നതായും യുഎസ് ആരോപിക്കുന്നു. വിവിധ രാജ്യങ്ങളിലായി കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷണ സംഘങ്ങളെയും സംഘടനകളെയും റഷ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാക്കർമാർ ലക്ഷ്യമിടുന്നതായി യുകെയുടെ ദേശീയ സൈബർ സുരക്ഷാ കേന്ദ്രം നേരത്തെ തന്നെ ആരോപിച്ചിരുന്നു.
ബ്രിട്ടൻ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ ഗവേഷണ സംഘങ്ങളെ ലക്ഷ്യമിട്ട് നേരത്തെയും സൈബർ ആക്രമണം നടന്നിരുന്നു. APT29 – ‘ഡ്യൂക്ക്സ്’ അല്ലെങ്കിൽ ‘കോസി ബിയർ’ എന്നും അറിയപ്പെടുന്ന ഈ ഗ്രൂപ്പിനു പിന്നിൽ റഷ്യയാണെന്നും യുഎസ് കണ്ടെത്തിയിരുന്നു. റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴാണു ചൈനീസ് ഹാക്കർമാർക്കെതിരെ യുഎസിൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്.
കോവിഡ്-19 വാക്സിനുകളുടെ വികസനവും പരീക്ഷണങ്ങളും സംബന്ധിച്ച വിവരങ്ങളും മറ്റും മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ചൈന രംഗത്തു വന്നതായി യുഎസ് അടുത്തിടെ ആരോപിച്ചിരുന്നു. അതേസമയം തങ്ങൾ വികസിപ്പിക്കുന്ന കോവിഡ്–19 വാക്സിൻ രണ്ടാംഘട്ടത്തിലാണെന്ന് ചൈന അറിയിച്ചു. വാക്സിൻ സുരക്ഷിതമാണെന്നും കുത്തിവെയ്‌പ്പെടുത്തവർ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടെന്നും രണ്ടാം ഘട്ട പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നുവെന്നും ചൈന വ്യക്തമാക്കി.