ന്യൂഡല്‍ഹി: സ്വതന്ത്ര രാജ്യം എന്നതില്‍ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യം എന്ന നിലയിലേക്ക് ഇന്ത്യയുടെ പദവി കൂപ്പുകുത്തിയതായി യുഎസ് മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസ്. നരേന്ദ്രമോദി ഇന്ത്യയെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതായും ഫ്രീഡം ഹൗസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മോദിയുടെ ഭരണം ആരംഭിച്ച ശേഷം രാഷ്ട്രീയ അവകാശങ്ങളിലും പൗരസ്വാതന്ത്ര്യത്തിലും തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകള്‍ക്കു മേല്‍ വര്‍ധിച്ച സമ്മര്‍ദമുണ്ട്. അക്കാദമീഷ്യന്മാരെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്നു. മുസ്‌ലിംകളെ ലക്ഷ്യമിട്ട് ആള്‍ക്കൂട്ടക്കൊല അടക്കമുള്ള ആക്രമണങ്ങള്‍ അരങ്ങേറുന്നു- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഉരുക്കുമുഷ്ടിയോടെയാണ് കോവിഡ് മഹാമാരിക്കെതിരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഇത് അപകടരമായി ബാധിച്ചു. കോവിഡ് വൈറസ് പടര്‍ന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ കുറ്റപ്പെടുത്തലുകള്‍ നടന്നു. അവര്‍ക്കെതിരെ ആള്‍ക്കൂട്ട അക്രമങ്ങള്‍ വരെയുണ്ടായി- ഡെമോക്രസി അണ്ടര്‍ സീജ് എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ലവ് ജിഹാദും റിപ്പോര്‍ട്ടില്‍ പരാമര്‍ശവിധേയമാകുന്നുണ്ട്. വിവാദമായ ലവ് ജിഹാദ് നിയമത്തില്‍ നിരവധി മുസ്‌ലിം യുവാക്കളാണ് അറസ്റ്റിലായതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.