വാഷിങ്ടണ്‍: കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന യുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വീണു. ഹാരി എസ്. ട്രൂമാന്‍ എന്ന യുഎസിന്റെ വിമാനവാഹിനിക്കപ്പലില്‍ നിന്നാണ് യുദ്ധ വിമാനം കടലില്‍ വീണത്. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഒരു നാവികന് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനം വലിച്ചുകൊണ്ടുവരുന്ന ഒരു ട്രാക്ടറും കപ്പലില്‍നിന്ന് കടലിലേക്ക് തെന്നിവീണു. 6.7 കോടി ഡോളർ മൂല്യം വരുന്ന യുദ്ധവിമാനമാണ് യു.എസ്സിന് അപകടത്തിലൂടെ നഷ്ടപ്പെട്ടത്. വിമാനവാഹിനി കപ്പലിലെ ഹാംഗര്‍ ബേയില്‍ വലിച്ചുകൊണ്ടുവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് എഫ്/എ-18 ഇ യുദ്ധ വിമാനവും ടോ ട്രാക്ടറും കടലില്‍ നഷ്ടപ്പെട്ടെന്ന് യുഎസ് നാവികസേന അറിയിച്ചു. വിമാനം കടലില്‍ വീഴുന്നതിന് മുമ്പ് നാവികര്‍ രക്ഷപ്പെട്ടു.
ഇതിനിടെ ഒരാള്‍ക്ക് നിസാര പരിക്കേറ്റെന്നും നാവികസേന വ്യക്തമാക്കി. ആറ് മാസത്തിനിടെ ഹാരി എസ്. ട്രൂമാന്‍ വിമാന വാഹിനി കപ്പലില്‍നിന്ന് നഷ്ടപ്പെടുന്ന രണ്ടാമത്തെ എഫ്/എ-18 ഇ യുദ്ധ വിമാനമാണിത്. കഴിഞ്ഞ വര്‍ഷാവസാനം യുഎസ്എസ് ഗെറ്റിസ്ബര്‍ഗ് ഗൈഡഡ് മിസൈല്‍ ക്രൂയിസര്‍ അബദ്ധത്തില്‍ ഒരു യുദ്ധ വിമാനത്തെ വെടിവെച്ചിട്ടിരുന്നു. എന്നാല്‍ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു.പശ്ചിമേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകളില്‍ ഒന്നാണ് ട്രൂമാന്‍. മേഖലയിലെ ചരക്ക് കപ്പലുകള്‍ക്ക് ഹൂതി വിമതര്‍ ഉയര്‍ത്തുന്ന ഭീഷണി അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, മാര്‍ച്ച് മുതല്‍ യുഎസ് സേന അവിടെ ഹൂതികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നുണ്ട്.