ഡെറാഢൂണ്‍: കേദാര്‍നാഥ് ക്ഷേത്രത്തിലും പരിസരത്തും മൊബൈല്‍ ഫോണ്‍, കാമറകള്‍ എന്നിവ ഉപയോഗിക്കുന്നതിന് വിലക്ക്. അടുത്തിടെ ക്ഷേത്രത്തിന് മുന്‍പില്‍ വെച്ച് വിവാഹാഭ്യര്‍ഥന നടത്തുന്ന യുവതിയുടെ വിഡിയോ വൈറലായതിന് പിന്നാലെയാണ് ക്ഷേത്രഭാരവാഹികളുടെ നടപടി. ക്ഷേത്രപരിസരത്ത് പലയിടത്തും ‘മൊബൈല്‍ ഫോണുമായി ക്ഷേത്രപരിസരത്ത് പ്രവേശിക്കരുത്’ എന്നെഴുതിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ക്ഷേത്രത്തിനകത്ത് ഏതെങ്കിലും തരത്തിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു, നിങ്ങള്‍ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്’.
ദര്‍ശനത്തിനെത്തുന്നവര്‍ ‘മാന്യമായ വസ്ത്രം’ ധരിക്കാനും ക്ഷേത്രപരിസരത്ത് കൂടാരങ്ങളോ ക്യാമ്പുകളോ സ്ഥാപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ക്ഷേത്രം ഭാരവാഹികള്‍ സന്ദര്‍ശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബദരീനാഥ് ക്ഷേത്രത്തില്‍ നിന്ന് ഇതുവരെ ഇത്തരത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇത്തരം ബോര്‍ഡുകള്‍ അവിടെയും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു ബദരിനാഥ്- കേദാര്‍നാഥ് ക്ഷേത്രം പ്രസിഡന്റ് അജേന്ദ്ര അജയ് പറഞ്ഞു.