ബെംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മംഗലാപുരത്തെ കോണ്‍ഗ്രസ് എംഎല്‍എ യു ടി ഖാദര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഖാദര്‍ ചൊവ്വാഴ്ച നിയമസഭാ സെക്രട്ടറി എം കെ വിശാലാക്ഷിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സ്പീക്കര്‍ സ്ഥാനത്തേക്ക് സമര്‍പ്പിച്ച ഏക നാമനിര്‍ദ്ദേശ പത്രികയായതിനാല്‍ ഖാദറിന്റെ തിരഞ്ഞെടുപ്പ് എതിരില്ലാതെ പ്രഖ്യാപിക്കപ്പെട്ടു. കര്‍ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ് മലയാളിയായ യു ടി ഖാദര്‍.
യു.ടി ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം കൂടിയാണ് കോണ്‍ഗ്രസ് ഉറപ്പ് വരുത്തുന്നത്. അതേസമയം, രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഖാദറിന് മന്ത്രിസ്ഥാനം നല്‍കിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് യു. ടി ഖാദര്‍ എംഎല്‍എയായി വിജയിച്ചത് 40,361 വോട്ടുകള്‍ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 ആണ്. അഞ്ചാം തവണയാണ് അദ്ദേഹം എംഎല്‍എയായി വിജയിച്ചത്.