പത്തനംതിട്ട : ഉത്ര വധക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. പുനലൂര്‍ കോടതിയിലാണ് ഭര്‍ത്താവ് സൂരജിനെയും ബന്ധുക്കളെയും പ്രതികളാക്കി കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഇരുനൂറോളം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2020 മേയ് ആറിന് രാത്രിയിലാണ് ഉത്ര പാമ്പ് കടിയേറ്റ് കൊല്ലപ്പെടുന്നത്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതക കേസില്‍ ഭര്‍ത്താവ് സൂരജിനെ പ്രതിയാക്കി കുറ്റപത്രം നേരത്തേ നല്‍കി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. രണ്ടാം കുറ്റപത്രത്തില്‍ സൂരജിന്റെ പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് പ്രതികള്‍.
സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് 20% മനോദൗര്‍ബല്യമുള്ള ഉത്രയെ സൂരജ് വിവാഹം കഴിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഉത്രയുടെ അവസ്ഥ മാതാപിതാക്കള്‍ സൂരജിനെയും ബന്ധുക്കളെയും ധരിപ്പിച്ചു. സമ്മര്‍ദത്തെ തുടര്‍ന്ന് മൂന്നര ഏക്കര്‍ വസ്തുവും 100 പവന്‍ സ്വര്‍ണവും കാറും 10 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കാനും തയാറായി. എന്നാല്‍ പിന്നീടും പണത്തിനായുള്ള സമ്മര്‍ദം തുടര്‍ന്നു. 8000 രൂപ പ്രതിമാസം വീട്ടു ചെലവിനായി വാങ്ങി. കൂടുതല്‍ ആവശ്യങ്ങള്‍ക്കായി പണം ചോദിച്ചു കൊണ്ടേയിരുന്നു.
ചെറിയൊരു ശമ്പളത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളായിരുന്നു സൂരജ്. ഉത്രയോട് വളരെ മോശമായാണ് സൂരജും വീട്ടുകാരും പെരുമാറിയത്. സൂരജ് പലപ്പോഴും ഉപദ്രവിച്ചു. പണം ലഭിക്കാന്‍ പല തവണ ഭാര്യയെ അവരുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. വീട്ടുകാര്‍ ഉത്രയെ മാനസികമായി പീഡിപ്പിച്ചു. ഉത്രയുടെ സ്വര്‍ണവും പണവും സൂരജും വീട്ടുകാരും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. കൊലപാതകത്തിന് ശേഷം സ്വര്‍ണം ഒളിപ്പിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. കുറ്റപത്രത്തില്‍ പറയുന്നു. രേഖകളും ഹാജരാക്കി. ഡിവൈഎസ്പി എ.അശോകനാണ് കുറ്റപത്രം സമര്‍പ്പിച്ചത് .