കൊല്ലം : അഞ്ചലില്‍ യുവതിയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൂരജിനെയും കൂട്ടാളി സുരേഷിനെയും ജയിലിലെത്തി ഫോര്‍മല്‍ അറസ്റ്റ് ചെയ്തശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്ന് അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഗോപന്‍ വെളിപ്പെടുത്തി. കോടതിയുടെ അനുമതിയോടെ കൊവിഡ് പരിശോധന നടത്തിയശേഷമാകും ഇവരെ കസ്റ്റഡിയില്‍ വാങ്ങുക. കസ്റ്റഡിയില്‍ വാങ്ങും മുമ്പ് കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജും സുരേഷും പോലീസിന് നല്‍കിയ മൊഴികളും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്റെ സഹായത്തോടെ മനസിലാക്കും.
ഉത്രയുടെ കൊലപാതകത്തിന് പാമ്പ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി പാമ്പിനെ കൈവശം വെച്ചതിനും പാമ്പിനെ പിടികൂടി കൈമാറിയതിനും അതിനെ കൊലപാതകത്തിനുള്ള ആയുധമാക്കിയതിനുമെതിരെയാണ് വനം വന്യജീവി സംരക്ഷണ നിയമ പ്രകാരം ഫോറസ്റ്റ് വകുപ്പ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച പാമ്പിന് പുറമേ അടൂരിലെ വീട്ടില്‍ കൊലപാതക ശ്രമത്തിന് അണലിയെ ഉപയോഗിച്ച സംഭവവും അന്വേഷിക്കും. സൂരജിന് പാമ്പിനെ കൈമാറിയ സുരേഷ് എവിടെ നിന്നാണ് പാമ്പുകളെ പിടികൂടിയത് , ആര്‍ക്കെങ്കിലും പാമ്പിനെയോ മറ്റ് വന്യജീവികളെയോ കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ വിധേയമാകും. പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയത് വഴി സംസ്ഥാനത്തിന്റെ ക്രിമിനല്‍ ചരിത്രത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായാണ് വനം വകുപ്പ് ഇതിനെ വിലയിരുത്തുന്നത്. പോലീസ് അന്വേഷണപ്രകാരമുള്ള ഐ.പി.സി , സി.ആര്‍.പി.സി വകുപ്പുകള്‍ക്ക് പുറമേ വനംവന്യജീവി നിയമവും ഉത്തരക്കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തപ്പെടും.
കൊല്ലത്തെ ഉത്രയുടെ കൊലപാതകത്തില്‍ ശാസ്ത്രീയ തെളിവെടുപ്പിന് വേണ്ടി അന്വേഷണ സംഘം സാങ്കേതിക വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്. ഉത്രക്ക് പാമ്പ് കടിയേറ്റ മുറികളില്‍ രണ്ട് ദിവസത്തിനകം ശാസ്ത്രീയ പരിശോധന നടത്തും. ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റ അടൂരിലുള്ള സൂരജിന്റെ വീട്, രണ്ടാം പ്രാവശ്യം മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ അഞ്ചലിലെ വീട് എന്നിവിടങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിരിക്കുന്നത്. എല്ലാവരും പോലീസ് സേനയ്ക്ക് പുറത്ത് നിന്നുള്ളവരാണ്.
ഉത്രക്ക് രണ്ട് പ്രാവശ്യവും പാമ്പ് കടിയേറ്റ മുറികള്‍, അവയുടെ വാതിലുകള്‍, ജനാലകള്‍ എന്നിവയെയും പാമ്പിനെ മുറിയിലെത്തിച്ച രീതിയും ഇവര്‍ വിലയിരുത്തും. പാമ്പുകളെക്കുറിച്ച് പഠിച്ച വിദഗ്ധര്‍ രേഖചിത്രങ്ങളും തയ്യാറാക്കുന്നുണ്ട്. പാമ്പുപിടിത്തക്കാര്‍, ഫോറന്‍സിക് വിദഗ്ധര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ പട്ടികയും കേസിന്റെ തുടര്‍നടപടികള്‍ക്കായി തയ്യാറാക്കി കഴിഞ്ഞു. എല്ലാവരെയും ഒരുമിച്ച് എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.