കൊച്ചി : ഉത്ര വധക്കേസില്‍ അറസ്റ്റിലായ സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ഇരുവര്‍ക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. കേസില്‍ അതിവേഗ വിചാരണയ്ക്കായി ഉത്രയുടെ കുടുംബവും കോടതിയെ സമീപിക്കും.
ഗാര്‍ഹികപീഡനം, തെളിവ് നശിപ്പിക്കന്‍, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനും അമ്മ രേണുകയ്ക്കും സഹോദരി സൂര്യയ്ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന്റെയൊക്കെ തെളിവുകള്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്.
കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഉത്രയുടെ വീട്ടുകാര്‍ ആദ്യം മുതല്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
പുനലൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്ര പ്രകാരം ഉത്ര വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സൂരജിന് പാമ്പിനെ വിറ്റ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു. കേസില്‍ സുരേഷിന് ജാമ്യം ലഭിച്ചെങ്കിലും വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് എടുത്ത ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജയില്‍ മോചിതനായിട്ടില്ല. ഗാര്‍ഹിക പീഡനക്കേസില്‍ നേരത്തെ അറസ്റ്റിലായ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടിയിരുന്നു.