പത്തനംതിട്ട : ഉത്ര കൊലപാതക കേസിൽ മുഖ്യപ്രതി സൂരജിനെ അടൂര്‍ പാറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടെ കുറ്റം വീണ്ടും നിഷേധിച്ച സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഉത്രയെ താന്‍ കൊന്നിട്ടില്ലെന്നും ഉത്രയുടെ വീട്ടിൽ കുപ്പി കൊണ്ടുവെച്ചത് പോലീസാണെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും സൂരജ് പറഞ്ഞു.
നാടകീയ രംഗങ്ങളാണ് സൂരജിന്‍റെ വീട്ടിലെ തെളിവെടുപ്പിനിടെ അരങ്ങേറിയത്. പോലീസ് തന്നെ മര്‍ദ്ദിച്ചുവെന്നും അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്രയെ കൊല്ലുന്നതിനായി പാമ്പിനെ ഇട്ടുകൊണ്ട് വന്നു എന്ന് പറയുന്ന കുപ്പി പോലീസാണ് കൊണ്ടുവന്ന് വെച്ചതെന്നും സൂരജ് പറഞ്ഞു. അതേസമയം സൂരജിന്‍റെ വീട്ടില്‍ നിന്ന് കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് നേരത്തെ പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. സ്വത്ത് മോഹിച്ചാണ് താന്‍ ഉത്രയെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം. ഉത്രയുടെ വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നുവെന്നും വിവാഹമോചനം ഭയന്നാണ് ഉത്രയെ കൊന്നത് എന്നുമാണ് സൂരജിന്‍റെ കുറ്റസമ്മത മൊഴി. അതേസമയം ഉത്രയുടെ മരണം പാമ്പ് കടിയേറ്റത് മൂലമെന്ന പോസ്റ്റ്‍മോർട്ടം റിപ്പോർട്ടും ഇന്ന് പുറത്ത് വന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ചുവെന്നും അന്വേഷണ സംഘത്തിന് ലഭിച്ച റിപ്പോർട്ടില്‍ പറയുന്നു.