തിരുവനന്തപുരം: ഉത്ര വധക്കേസില്‍ പോലീസിനെതിരെ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന് രംഗത്ത്. ഉത്രയുടെ മരണത്തില്‍ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചല്‍ പോലീസിന് സംഭവിച്ച വീഴ്ചയാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണത്തിനും ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കി.
കൊല്ലം റൂറല്‍ എസ്.പി ഇക്കാര്യം അന്വേഷിക്കണമെന്നാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ അഞ്ചല്‍ സി.ഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പില്‍ ഹാജരാക്കണം. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ വനിതാ കമ്മീഷന് മുമ്പില്‍ ഹാജരാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു. പാമ്പിനെകൊണ്ട് കൊത്തിക്കുന്നതിന് മുമ്പ് സൂരജ് ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയെന്ന നിഗമനത്തിലാണ് പോലീസ്. ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലും ഉറക്കഗുളിക കലര്‍ത്തി നല്‍കി എന്നാണ് നിഗമനം. സൂരജിനെ ചോദ്യം ചെയ്തപ്പോള്‍ ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ആദ്യം പാമ്പ് കടിയേല്‍ക്കുമ്പോള്‍ ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നുവെന്നും സൂരജിന്റെ കുറ്റസമ്മത മൊഴിയിലുണ്ട്. അതേസമയം അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.