തപോവന്‍ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വീണ്ടും പ്രളയഭീതി. ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നദീ തീരത്ത് നിന്ന് ആളുകളെ മാറ്റുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനങ്ങളും യന്ത്രങ്ങളും അടിയന്തരമായി പ്രദേശത്ത് നിന്ന് മാറ്റികൊണ്ടിരിക്കുകയാണ്.
മലമുകളില്‍ ഉരുള്‍പൊട്ടിയതായുള്ള സൂചനകള്‍ പുറത്തുവന്നതോടെ തപോവന്‍ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം പ്രതിരോധ സേനകള്‍ നിര്‍ത്തിവെച്ചു. ഋഷി ഗംഗയുടെ തീരങ്ങളില്‍ താമസിക്കുന്നവരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറ്റി.
സൈറണ്‍ മുഴക്കിയാണ് ഋഷിഗംഗയ്ക്കു തീരത്തുള്ള ഗ്രാമങ്ങളിലെ ആളുകളെ സൈന്യം മാറ്റുന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയത്. ചമോലിയില്‍ മിന്നല്‍ പ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും മലയിടിഞ്ഞതായുള്ള റിപ്പോര്‍ട്ട് വന്നത്. എന്‍.ടി.പി.സിയുടെ തപോവന്‍ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ 35 പേരെങ്കിലും ഇപ്പോഴും അകപ്പെട്ടു കിടക്കുകയാണ്.
തുരങ്കത്തില്‍ വലിയ ദ്വാരമുണ്ടാക്കി കയറുപയോഗിച്ച് ഊര്‍ന്നിറങ്ങാനാണ് രക്ഷാസംഘത്തിന്റെ ശ്രമമെന്നു മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ശ്രമിച്ചിട്ടും കവാടത്തില്‍നിന്ന് ആകെ 100 മീറ്ററോളം മുന്നേറാനേ കരസേനാംഗങ്ങള്‍ക്കു കഴിഞ്ഞിട്ടുള്ളൂ. അടിഞ്ഞുകൂടിയ സിമന്റും ചെളിയും നീക്കുക ഏറെ ശ്രമകരമാണ്. മണ്ണുമാന്തി യന്ത്രമുള്‍പ്പെടെ ഉപയോഗിച്ചു രാപകലില്ലാതെ ശ്രമം തുടരുകയായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് തുരങ്കത്തിനകത്തും ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടണലിന് പുറത്തും നിരീക്ഷണം നടത്തുകയായിരുന്നു.
ഐ ടി ബി പി, കരസേന, ദുരന്തനിവാരണസേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനം പ്രധാനമായും നടത്തുന്നത്. വ്യോമസേനയുടെ ചിനൂക്ക്, എം ഐ 17 വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് വ്യോമ മാര്‍ഗവും തെരച്ചില്‍ നടത്തുകയും രക്ഷാപ്രവര്‍ത്തകര്‍ക്കായി ഉപകരണങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു . പതിമൂന്ന് ഗ്രാമങ്ങള്‍ മേഖലയില്‍ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. പാലം തകര്‍ന്നതോടെ കരമാര്‍ഗം സ്ഥലത്തെത്താന്‍ വഴിയില്ല. അതിനാല്‍ വ്യോമ മാര്‍ഗം ഭക്ഷ്യവസ്തുക്കളും കുടിവെളളവും എത്തിക്കുകയാണ്.
അതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 172 പേരെയെങ്കിലും ഇനി കണ്ടെത്താനുണ്ട്. എത്ര പേരെ കണ്ടുകിട്ടാനുണ്ടെന്നു കണക്കില്ലെന്നതാണു സ്ഥിതി. 131 പേരുടെ വിശദാംശങ്ങള്‍ മാത്രമാണ് ലഭിച്ചത്. ദുരന്തവേളയില്‍ നിര്‍മാണസ്ഥലത്തുണ്ടായിരുന്നവരുടെ എണ്ണം കണക്കാക്കിയാണ് 172 പേരെന്ന അനുമാനത്തില്‍ എത്തിയത്.
എന്‍ടിപിസി പദ്ധതിയുടെ ഓഫിസുകള്‍ പൂര്‍ണമായി ഒലിച്ചുപോയതിനാല്‍ ജോലി ചെയ്തിരുന്നവരെക്കുറിച്ചുള്ള രേഖകളെല്ലാം നഷ്ടമായി. വിശദാംശങ്ങള്‍ ലഭ്യമായവരുടെ പട്ടികയില്‍ മൂന്നുപേര്‍ നേപ്പാളില്‍ നിന്നുള്ളവരാണ്. മറ്റു 128 പേര്‍ ഉത്തരാഖണ്ഡ്, യുപി, ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ സ്വദേശികളും.