തൃശൂര്‍: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭാ പരിധിയിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മധ്യകേരളത്തിലെ പുരാതനമായ വേല ആഘോഷങ്ങളില്‍ പ്രമുഖമായ സ്ഥാനമാണ് ഉത്രാളിക്കാവിലെ പൂരത്തിനുള്ളത്. കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്സവം കൊടിയേറുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ സമാപന ദിവസമാണ് പൂരം. എങ്കക്കാവ്, കുമരനെല്ലൂര്‍, വടക്കാഞ്ചേരി എന്നീ ദേശങ്ങളില്‍ നിന്നുള്ള മൂന്നു പങ്കുകാരാണ് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാര്‍.
പൂരത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങളോടെ വെടിക്കെട്ട് നടത്തുന്നതിന് കോടതി അനുവദിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുളള നടപടികള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് കളക്ടര്‍ പറഞ്ഞു.