തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിൽ ഉത്രശ്രീബലി ഉത്സവം ഇന്നും നാളെയുമായി നടക്കും. വേങ്ങൽ, ആലുന്തുരുത്തി, പടപ്പാട്, കരുനാട്ടുകാവ് ഭഗവതിമാർ ശ്രീവല്ലഭസങ്കേതത്തിൽ എത്തുന്നതുമായി ബന്ധപ്പെട്ടാണ് ഉത്സവം. ഈ ഭഗവതിക്ഷേത്രങ്ങളിൽ മീനമാസത്തിലെ മകയിരംനാളിൽ കൊടിയേറി എട്ട് ദിവസത്തെ ഉത്സവം തുടങ്ങും. അവസാന ദിവസമായ ഉത്രംനാളിൽ ശ്രീവല്ലഭപുരിയിലേക്ക് മൂന്ന് ദേവിമാരും ജീവതയിൽ എഴുന്നള്ളും. ആദ്യം പെരുമ്പാലം കടന്ന് കാവിൽ ഭഗവതി എത്തുന്നതാണ് ആചാരം. തുടർന്ന് ശ്രീവല്ലഭ ക്ഷേത്രത്തിന്റെ വടക്കേഗോപുര നടയിൽ മൂന്ന് ദേവിമാരും എത്തും. വർഷത്തിൽ ഒരിക്കൽമാത്രം വടക്കേ ഗോപുരനട അന്ന് തുറക്കും. ദേവിമാരെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് അഞ്ചീശ്വരസംഗമം നടക്കും.
വിവിധ ചടങ്ങുകൾക്കുശേഷം വലിയ ആറാട്ടിനായി ദേവിമാർ തുകലശ്ശേരിയിലേക്ക് എഴുന്നള്ളും. ആറാട്ട് പൂർത്തീകരിച്ച് പടപ്പാട് കാവിൽ ഭഗവതിമാർ അതത് ക്ഷേത്രങ്ങളിലേക്ക് ശ്രീവല്ലഭക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരംവഴി കടന്ന് വടക്കേ ഗോപുരംവഴി മടങ്ങിപ്പോകും. 11-ന് വല്ലഭക്ഷേത്രത്തിലെ ഉച്ചശീവേലി എഴുന്നള്ളിക്കുന്ന സമയത്ത് ആലുന്തുരുത്തി ദേവി വലിയ ആറാട്ട് പൂർത്തീകരിച്ച് കിഴക്കേ ഗോപുരംവഴി വല്ലഭ-സുദർശന മൂർത്തികൾക്ക് അഭിമുഖമായി എഴുന്നള്ളും. ദേവി വിഷുക്കൈനീട്ടം വാങ്ങി മടങ്ങുന്നതോടെ ഉത്സവച്ചടങ്ങുകൾ സമാപിക്കും.