റാന്നി : പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്രട്ടാതി ഉത്സവം 14 മുതൽ 25 വരെ നടക്കും. ഭാഗവത സപ്താഹയജ്ഞം, നാരായണീയ പാരായണ യജ്ഞം, ദശാവതാരച്ചാർത്ത് എന്നിവയും ഉത്സവദിനങ്ങളിൽ നടക്കും. 14-ന് പുലർച്ചെ അഞ്ച് മുതൽ വിഷുക്കണി ദർശനം, തുടർന്ന് കലവറ നിറയ്ക്കൽ. രാത്രി ഏഴിന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് യജ്ഞശാലയിൽ ഭദ്രദീപം തെളിക്കും. യജ്ഞാചാര്യൻ ഗുരുവായൂർ കൂനംപള്ളി ശ്രീറാം നമ്പൂതിരിയുടെ ഭാഗവത മാഹാത്മ്യ പ്രഭാഷണം, ദേവിക മനീഷിന്റെ വയലിൻകച്ചേരി എന്നിവ ഉണ്ടായിരിക്കും.
ഉത്സവദിവസങ്ങളിൽ രാവിലെ 7.15-ന് ഭാഗവതപാരായണം, 12-ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകിട്ട് 5.30-ന് ദശാവതാരച്ചാർത്ത് ദർശനം, 18-ന് രാത്രി 8.30-ന് സംഗീതസദസ്സ്. 21-ന് രാവിലെ 11-ന് അവഭൃഥസ്‌നാന ഘോഷയാത്രയോടെ സപ്താഹയജ്ഞം സമാപിക്കും. അന്ന് രാത്രി ഏഴിന് മൃദംഗ അരങ്ങേറ്റം, 7.30-ന് കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. 22-ന് രാവിലെ എട്ടിന് നാരായണീയപാരായണ യജ്ഞം തുടങ്ങും. വൈകിട്ട് ഏഴിന് നടക്കുന്ന അനുമോദന യോഗത്തിൽ ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പ്രസന്നകുമാർ പങ്കെടുക്കും.
8.15 മുതൽ നൃത്തം, കൈകൊട്ടിക്കളി, നൃത്തകലാസന്ധ്യ. 23-നും 24-നും രാവിലെ ഒൻപത് മുതൽ 12 വരെയും രണ്ടുമുതൽ നാലുവരെയും അൻപൊലി, പറ വഴിപാട് സമർപ്പണം, 23-ന് വൈകിട്ട് ഏഴിന് സ്വരലയ മഞ്ജരി, 24-ന് രാത്രി ഏഴിന് ഭഗവതി സേവ, പ്രാസാദശുദ്ധി, രാത്രി 7.30-ന് ഗാനമേള, 25-ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30-ന് കലശപൂജ, 9.30-ന് തന്ത്രി തൃക്കോതമംഗലം പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകം, അൻപൊലി, പറ വഴിപാട്, 12-ന് മഹാപ്രസാദമൂട്ട്, മൂന്നിന് ഇടപ്പാവൂർ ദേവീക്ഷേത്രത്തിലേക്ക് പറയ്ക്കെഴുന്നള്ളത്ത്, ഏഴിന് എതിരേൽപ്പ് എന്നിവയുണ്ടാകും.