കൊല്ലം : കേരള മനസാക്ഷിയെ പിടിച്ചുലച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതിയുടെ വിധി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഒന്നരവര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ആണ് വിധി പ്രഖ്യാപിക്കുക. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.
ഉത്ര വധക്കേസ് കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ കേസാണ്. സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഭര്‍ത്താവ് മുര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നു. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപനത്തിനൊരുങ്ങുന്നത്.