കൊച്ചി: കേരളത്തില്‍ നിന്ന് മൂവായിരം കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കോയമ്പത്തൂരിലെ യൂണിവേഴ്‌സല്‍ ട്രേഡിങ് സൊല്യൂഷന്‍സില്‍ കേരള പോലീസ് റെയ്ഡ് നടത്തി. പണമിടപാട് രേഖകളും കമ്പ്യൂട്ടറുകളും കറന്‍സി കൗണ്ടിംഗ് മെഷീനുകളും പിടിച്ചെടുത്തു. മലപ്പുറം എസ്പിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലെത്തിയ അന്വേഷണ സംഘത്തിനെ ആക്രമിക്കാന്‍ കമ്പനിയുടെ ഗണ്ടകള്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാട് പോലിസ് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 2000 രൂപ വീതം മാസം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി കമ്പനി നിരവധിയാളുകളുടെ പണം വാങ്ങി പറ്റിക്കുകയായിരുന്നു. ഇതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പത്തനംതിട്ട മീഡിയ പ്രസിദ്ധീകരിച്ചിരുന്നു.
പരിശോധനയ്ക്കുള്ള കോടതി ഉത്തരവുമായി കോയമ്പത്തൂര്‍ പോലീസിന്റെ സഹായത്തോടെയാണ് മലപ്പുറത്തു നിന്നുള്ള പോലീസ് സംഘം യുടിഎസിന്റെ ആസ്ഥാനത്തെത്തിയത്. എന്നാല്‍ ഓഫീസ് മുറികള്‍ തുറക്കാന്‍ അഭിഭാഷകര്‍ താക്കോലുമായി വരുമെന്നു പറഞ്ഞ് തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് സംഘം വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത് സകല മുറികളും അരിച്ചു പെറുക്കി. വിലപ്പെട്ട പല രേഖകളും നേരത്തെ ഇവിടെ നിന്ന് തട്ടിപ്പുസംഘം മാറ്റിയിരുന്നു.
പണം തട്ടിപ്പിനെ സംബന്ധിച്ച് ചില രേഖകള്‍ മാത്രം പോലീസിന് ലഭിച്ചു. നിക്ഷേപകര്‍ പറയുന്നത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പണമിടപാട് നടത്തിയെന്നാണ്. യുടിഎസ് കമ്പനിയുടെ തട്ടിപ്പ് അന്വേഷിക്കുന്ന കോയമ്പത്തൂരിലെ പോലീസ് ഉദ്യോഗസ്ഥരുമായി കേരള പോലീസ് നടത്തിയ ചര്‍ച്ചയില്‍ കമ്പനി എംഡി ഗൗതം രമേശിന്റ ഉള്‍പ്പെടെ സ്ഥാപനങ്ങളുമായി ബന്ധമുള്ളവരുടെ താവളങ്ങളിലും റെയ്ഡ് നടത്തുമെന്നാണ്.