ചെങ്ങന്നൂർ : ഒഴുക്കു നിലച്ച ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവന നടപടിയില്ലാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതോടെ കൈയേറ്റക്കാർക്ക് വീണ്ടും നോട്ടീസ് നൽകി പഞ്ചായത്തുകൾ. വെൺമണി, ആലാ, ചെറിയനാട്, പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിലൂടെയാണ് നദി കടന്നുപോകുന്നത്. മേഖലയിലെ ഹെക്ടർ കണക്കിനു പാടശേഖരങ്ങളിലെ കൃഷിക്ക് ആവശ്യമായ ജലം എത്തിയിരുന്നത് നദിയിലൂടെയായിരുന്നു. നദി ഇല്ലാതായതോടെ ഈ പാടശേഖരങ്ങൾ വർഷങ്ങളായി തരിശാണ്. 2015 ലാണ് നദി വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചത്. അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പൂർവസ്ഥിതിയിലാക്കാനും തീരുമാനിച്ചു.
നദിയിലുടനീളം ചെറുതും വലുതുമായ 145 കൈയേറ്റങ്ങളുണ്ടെന്നാണ് കണ്ടെത്തിയത്. വെൺമണിയിൽ അച്ചൻകോവിലാറ്റിൽ നിന്ന് തുടങ്ങി ബുധനൂർ ഇല്ലിമലയിൽ പമ്പയാറ്റിൽ അവസാനിച്ചിരുന്ന നദിയാണ് ഉത്തരപ്പള്ളിയാർ. മാലിന്യം തള്ളലും കൈയേറ്റവും മൂലം പുഴയുടെ ഒഴുക്ക് ഇല്ലാതായിട്ടു വർഷങ്ങളായി. നദിയുടെ പുനരുജ്ജീവനത്തിനായി ശ്രമിക്കുന്ന ആലാ റൂറൽ ഡവലപ്‌മെന്റ് ആൻഡ് കൾചറൽ സൊസൈറ്റി നൽകിയ ഹർജിയെ തുടർന്നാണു കോടതി ഇടപെടൽ. വെൺമണി മുതൽ കുളിക്കാംപാലം വരെയേ നദി ഉള്ളുവെന്നായിരുന്നു സർവേയ്ക്കു ശേഷം അധികൃതരുടെ നിലപാട്. റീസർവേ പ്രകാരം ഇവിടം മുതലുള്ള ഭാഗത്തു നദി ഒഴുകിയിരുന്ന സ്ഥലങ്ങൾ പട്ടയഭൂമിയാണെന്നും ലിത്തോമാപ്പിൽ ആറ്റുകണ്ടം എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും സർവേ നടപടികൾക്കു ശേഷം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. വെണ്മണി പഞ്ചായത്തിലെ ശാർങ്ങക്കാവിൽ അച്ചൻകോവിലാറിന്റെ തീരത്തു നിന്ന് അതിർത്തി നിർണയം തുടങ്ങി ചെറിയനാട് പഞ്ചായത്തിലെ കുളിക്കാപാലം വരെയുള്ള 10 കിലോമീറ്റർ ഭാഗം റവന്യു ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തി. സർവേക്കല്ലുകൾ സ്ഥാപിക്കുകയും നദി കൈയേറിയവർക്കു നോട്ടീസ് നൽകുകയും ചെയ്‌തു. 48 പേർ നദി കൈയേറിയതായും കണ്ടെത്തി. യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ ഭൂമി നദിക്കായി വിട്ടുനൽകാൻ ഇവർ സമ്മതപത്രം നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.