കോട്ടയം: ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളെയും, ജീവനക്കാരെയും സര്‍, മാഡം എന്ന് വിളിക്കേണ്ടതില്ല എന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഒഐഒപി നേതാവു കൂടിയായ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ന്റെ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് കമ്മിറ്റിയാണ് സംയുക്തമായി തീരുമാനം എടുത്തത്.
സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം തികയുകയും, ജനകീയാസൂത്രണം ആരംഭിച്ചിട്ട് 25 വര്‍ഷം ആവുകയും ചെയ്തിട്ടും ഇത്തരം പ്രയോഗങ്ങള്‍ നിലല്‍ക്കുന്നതു ഭൂഷണമല്ല എന്ന പ്രസിഡന്റിന്റെ അഭിപ്രായത്തെ പഞ്ചായത്ത് കമ്മറ്റി ഏകകണ്ഠമായി പിന്തുണച്ചു എന്നതാണ് വസ്തുത.
ജനങ്ങളാണ് ജനാധ്യപത്യത്തില്‍ അധികാരികള്‍ എന്ന ബോധ്യം മികവുറ്റ പ്രവര്‍ത്തനത്തിലൂടെ പഞ്ചായത്ത് കമ്മറ്റി നല്‍കുന്നുണ്ട്. എങ്കിലും എല്ലാ അര്‍ത്ഥത്തിലും ഈ ചിന്തയും ബോധ്യവും ആത്മവിശ്വാസവും ജനങ്ങള്‍ക്കു നല്‍കാന്‍ ഈ തീരുമാനം പ്രചോദനം ഏകും എന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
യാതൊരു ഭയവും, ആശങ്കയും കൂടാതെ ആത്മാഭിമാനത്തോടെ പഞ്ചായത്തില്‍ വരുവാനും അര്‍ഹമായ സേവനങ്ങള്‍ നേടി എടുക്കാനും സാധാരണക്കാരന് സാധിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റ് ഉള്‍പ്പെടെ ഉള്ള പഞ്ചായത്ത് മെമ്ബര്മാരെയും ജീവനക്കാരെയും സര്‍, മാഡം എന്ന് വിളിക്കുന്നതിന് പകരം അവരുടെ തസ്തിക അല്ലങ്കില്‍ പേര് വിളിക്കാവുന്നതാണ്-ഇതാണ് തീരുമാനം.
ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായി 22 വയസ്സു പ്രായമുള്ള വിദ്യാര്‍ത്ഥി ജോണിസ് പി സ്റ്റീഫന്‍ അധികാരമേറ്റത് സോഷ്യല്‍ മീഡിയ ഏറെ പ്രാധാന്യത്തോടെ ചര്‍ച്ചയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടാകും ജോണിസ്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
13 അംഗ പഞ്ചായത്തില്‍ അഞ്ചു സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഇതോടെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റി(ഒഐഒപി)ന്റെ നിലപാട് നിര്‍ണായകമായത്. രണ്ടിടത്താണ് പാര്‍ട്ടി വിജയിച്ചത്. ബിജെപിക്ക് ഒരു സീറ്റു കിട്ടി.
തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചര്‍ച്ചയില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനുമായി യുഡിഎഫ് സഖ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ആദ്യ രണ്ടര വര്‍ഷമാണ് ജോണിസ് അധികാരം കൈയാളുക. രണ്ടാമൂഴത്തില്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് പദം കൈമാറും എന്നാണ് വ്യവസ്ഥ. അങ്ങനെ അധ്യക്ഷ പദവിയിലെത്തിയ പ്രസിഡന്റാണ് വിപ്ലവകരമായ തീരുമാനത്തിന് പിന്നില്‍.
പഞ്ചായത്തില്‍ ഒഐഒപി എട്ടു സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരുന്നത്. ജോണിസിന് പുറമേ, അഞ്ജു പി ബെന്നിയാണ് ജയിച്ച മറ്റൊരാള്‍. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിയായിരുന്നു പ്രസിഡന്റായി ചുമതലയേല്‍ക്കുമ്ബോള്‍ ജോണിസ്. പിന്നീട് കോഴ്‌സ് പൂര്‍ത്തിയാക്കി. അദ്ധ്യാപക ദമ്ബതികളായ പാണ്ടിയാംകുന്നേല്‍ സ്റ്റീഫന്റെയും ലൈബിയുടെയും മകനാണ്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം എന്‍സ്‌എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വാര്‍ഡിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു എന്ന് മനസ്സിലാക്കിയായിരുന്നു മത്സരം. അത് ജയത്തിലേക്കും എത്തി. 60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ വേണം എന്നു വാദിക്കുന്ന പ്രസ്ഥാനമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍.
ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സംഘടനയുടേത് എന്ന ആരോപണം ഉണ്ടായിരുന്നു. അതിന് വിരുദ്ധമായ നിലപാടാണ് ജോണീസും കൂട്ടരും ഉഴവൂരില്‍ എടുത്തത്.