കോട്ടയം : സിപിഎം ഉഴവുർ ലോക്കൽകമ്മിറ്റിയുടെ പുതിയ നേതൃത്വത്തിൽ എൽഡിഎഫ് ലേബലിൽ യുഡിഎഫ് മുന്നണിയുടെ ഉഴവുർ വികസന മുന്നണി ഭരണസമിതിയെ അട്ടിമറിക്കാൻ ചർച്ചകൾ ആരംഭിച്ചു. ബിജെപി – എൽഡിഎഫ് സഖ്യമാണ് രാഷ്ട്രീയ നീക്കത്തിന് പിന്നിൽ. മുന്ന് മുന്നണിയെ പരാജയപ്പെടുത്തിയ വൺ ഇൻഡ്യ വൺ പെൻഷൻ പ്രതിനിധികളുടെ പിന്തുണയിൽ ആണ് ഉഴവുർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം. എന്നാൽ മാധ്യമങ്ങളിലൂടെ ഉള്ള പ്രചാരണം മാത്രമാണ് നിലവിൽ ഉള്ളത് എന്നും മുൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചതും അനുവദിച്ചതും അംഗീകരിച്ചതുമായ വികസന പദ്ധതികൾ ഒന്നും നടക്കുന്നില്ല എന്നതാണ് എൽഡിഎഫ് നേതാക്കളുടെ ആരോപണം.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ചർച്ചകൾ ആണ് ആരംഭിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ വൺ ഇൻഡ്യ വൺ പെൻഷൻ പ്രതിനിധി അഞ്ചു പി ബെന്നിയുടെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കാമെന്നാണ് സിപിഎം ലോക്കൽകമ്മിറ്റി അവകാശപ്പെടുന്നത്. എന്നാൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നീക്കം ഏരിയാ – ജില്ലാ കമ്മിറ്റികളുടെ അനുവദമില്ലാതെയാണ് ബിജെപി ബന്ധത്തിനായി ശ്രമിക്കുന്നത് എന്ന് എൽഡിഎഫിന്റെ ഒരു വിഭാഗം പറയുന്നു. ഉഴവുർ ഗ്രാമപഞ്ചായത്ത് ഭരണത്തിൽ ബിജെപി സഖ്യത്തിനായി ശ്രമിക്കുന്ന സിപിഎം പ്രാദേശിക നേതാക്കൾക്ക് എതിരെ സിപിഎം സംസ്ഥാന നേതൃത്വം നടപടികൾ ഉണ്ടാകുമോ എന്നുള്ളതാണ് ഏവരും കാത്തിരിക്കുന്നത്.