തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയും സംസ്ഥാന സര്‍ക്കാര്‍ അവരെ ചതിക്കുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാര്‍ലമെന്റ് ഇപ്പോള്‍ പാസാക്കിയ വഖഫ് നിയമം മുനമ്പത്തെ വിഷയം പരിഹരിക്കാന്‍ പര്യാപ്തമല്ല. ഇക്കാര്യം നിയമം പാസാക്കുന്നതിന് മുന്‍പ് തന്നെ യു.ഡി.എഫ് പറഞ്ഞതാണ്. പുതിയ നിയമം ഒരിക്കലും അവസാനിക്കാത്ത നിയമപ്രശ്‌നത്തിലേക്ക് മുനമ്പം വിഷയത്തെ കൊണ്ടു പോകാനുള്ള സാധ്യതയുമുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള അവസരമാണ് വഖഫ് ട്രിബ്യൂണലില്‍ ഉണ്ടായത്. ഭൂമി വഖഫ് അല്ലെന്ന് അത് നല്‍കിയ സേഠിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളജ് മാനേജ്‌മെന്റും ട്രിബ്യൂണലില്‍ പറഞ്ഞിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാട് ആദ്യമായി സ്വീകരിച്ചത് യു.ഡി.എഫാണ്. യു.ഡി.എഫിന്റെ അതേ നിലപാടിലേക്ക് ഭൂമി നല്‍കിയവരും വാങ്ങിയവരും എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അനുകൂലമായ നിലപാട് വഖഫ് ട്രിബ്യൂണലില്‍ നിന്നും ഉണ്ടായേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ച് വഖഫ് ട്രിബ്യൂണലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തു. മെയ് 19 വരെ മാത്രം വഖഫ് ട്രിബ്യൂണലിന്റെ കാലാവധി ശേഷിക്കവെ മെയ് 29 വരെയാണ് സ്റ്റേ വാങ്ങിയത്.