കൊച്ചി : സംസ്ഥാനത്ത് പോലീസ് അതിക്രമം കൂടുന്നത് ഗൗരവമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥലമാറ്റം പോര, ക്രമസമാധാനം നടപ്പിലാക്കേണ്ട പോലീസുകാർ തന്നെ അത് നശിപ്പിക്കുന്ന അവസ്ഥായാണ്. പൊലീസ് അക്രമം നടത്തുന്നത് സിപിഐഎം ഒത്താശയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ കോൺഗ്രസ് സംരക്ഷിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരത്തിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. എംഎൽഎയുടെ വിശദീകരണം പരിശോധിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എൽദോസ് വിശദീകരണം നൽകിയത് അഭിഭാഷകൻ മുഖേനെയാണ്. അദ്ദേഹം നേരിട്ട് മറുപടി നൽകാത്തത് കുറ്റകരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
എംഎൽഎയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. എംഎൽഎയുടെ മറുപടി വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരിശോധിച്ച് മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എൽദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എൽദോസിന്റെ നടപടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്.
പാർട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് നടപടി ഉണ്ടാകും. കോടതി എന്ത് നിലപാട് സ്വീകരിച്ചാലും പാർട്ടി നടപടിയുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി. ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. അപേക്ഷയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി വിധി പറയുക. എംഎൽഎക്കെതിരെ ചുമത്തിയ വധശ്രമം ഉൾപ്പടെ പുതിയ വകുപ്പുകളുടെ വിശദ വിവരം പോലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് കൂടി പരിശോധിച്ച ശേഷമാകും വിധി.