കോട്ടയം: മുഖ്യമന്ത്രി അധികാരത്തില്‍ തുടര്‍ന്നാല്‍ ആ കസേരയുടെ മഹത്വം നഷ്ടപ്പെടുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി അധികാരത്തില്‍ തുടരാനുള്ള ശ്രമം മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകായുക്ത വിധി നീതി വൈകുന്നത് നീതി നിഷേധമാണെന്ന് മുരളീധരന്‍ പറഞ്ഞു. ലോകായുക്ത വിധി ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതാണ് ലോകായുക്ത വിധിയാണ്. മുഖ്യമന്ത്രി സ്വജനപക്ഷപാദം നടത്തി എന്ന് ഒരു ജഡ്ജി കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് തുടരാന്‍ ധാര്‍മികത ഇല്ലെന്നും രാജി വെച്ച് മാറി നില്‍ക്കാനുള്ള മര്യാദ കാണിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.
അതേസമയം ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം. ഹര്‍ജി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക.