പാലക്കാട്: തൃശ്ശൂർ പൂരം കലങ്ങിയില്ലെങ്കിൽ പിന്നെ എന്തിനാണ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് മുഖ്യമന്ത്രിയോട് മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായി വി.മുരളീധരൻ. മറ്റ് മതവികാരങ്ങളുടെ പിന്തുണ നേടാൻ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്നും ഇതിനേക്കാൾ ഭയങ്കരമായി ഭാവിയിൽ പൂരം കലക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നതെന്നും മുരളീധരൻ വിമർശിച്ചു. പുതിയ എഫ്.ഐ.ആറിലൂടെ ദേവസ്വം ഭാരവാഹികളുടെ പേരിൽ കേസ് എടുക്കാനാണ് നീക്കമെങ്കിൽ ഹൈന്ദവ വിശ്വാസികൾ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നാൽ ഉത്തരവാദി പിണറായി മാത്രമാകുമെന്നും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കോൺഗ്രസിന്റെ രണ്ട് സ്ഥാനാർഥികൾക്കെതിരെയാണ് ബിജെപി മത്സരിക്കുന്നതെന്നും കോൺഗ്രസിന് വോട്ട് മറിക്കാനാണോ ചിഹ്നം നൽകാതെ സിപിഎം സ്ഥാനാർഥിയെ നിർത്തിയതെന്നും അദ്ദേഹം ചോദിച്ചു.
പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിക്കാത്തത് കഴിവുകേട് കൊണ്ടല്ലെന്നും സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനമാണ് കാരണമെന്നും മുരളീധരൻ വിമർശിച്ചു. നവീൻ ബാബുവിന്റെ മരണം കണ്ണൂരിൽ മാത്രം ഒതുങ്ങുന്നതല്ല. ഇതിനെല്ലാം ജനം മറുപടി പറയും. കോൺഗ്രസനകത്തെ കത്തും കുത്തുമൊക്കെ അവർ തീർക്കട്ടെ. പാലക്കാട് പിന്തുണ തേടി സിപിഎം ബിജെപിക്ക് അയച്ച കത്ത് വ്യാജമാണെന്ന് തെളിയിക്കാൻ എം.ബി രാജേഷിനെ വെല്ലുവിളിക്കുന്നു. പി.ജയരാജന് മദനിയെ കുറിച്ച് ഉണ്ടായത് പുതിയ വെളിപാടണോ? ഭൂരിപക്ഷ സമുദായത്തെ വിഡ്ഢികളാക്കാനാണ് ഇത്തരം നിലപാടുകൾ. ബിജെപി ഇതിനെ അവജ്ഞയോടെ തള്ളുന്നു. മദനിയെ ഗാന്ധിയോട് തുലനം ചെയ്ത ആളാണ് ഇ.എം.എസെന്നും മുരളീധരൻ വിമർശിച്ചു.