കൊല്ലം: കൊട്ടാരക്കരയിൽ വച്ച് മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. പോലീസുകാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായാണ് അന്വേഷണ റിപ്പോർട്ട്. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ച് ഇക്കഴിഞ്ഞ ജൂലൈ 12നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിൽ പോലീസുകാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി നേരത്തേ പരാതി ഉയർന്നിരുന്നു. അതിലാണ് ഇപ്പോൾ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
കൊല്ലം ട്രാഫിക് യൂണിറ്റ് എസ്.ഐ അരുൺകുമാർ, ശൂരനാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിനയൻ, സി.പി.ഒ ബിജുലാൽ എന്നിവർക്കെതിരെയാണ് നടപടി. ബിജുലാലാണ് അന്ന് വാഹനം ഓടിച്ചിരുന്നത്. പോലീസുകാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. 14 ദിവസത്തിനുള്ളിൽ കുറ്റാരോപണ പത്രിക നൽകാൻ ഡി.ഐ.ജി കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് നിർദേശം നൽകി. ഒരു മാസത്തിനകം ശിക്ഷ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിൽ മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് രോഗി ഉൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റിരുന്നത്.