തിരുവനന്തപുരം : വാക്‌സിനേഷന്‍ 99 ശതമാനത്തിലെത്തിച്ച് പത്തനംതിട്ട,സംസ്ഥാനത്ത് 21ലക്ഷം പേര്‍ വാക്‌സിനേഷനില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. സംസ്ഥാനത്ത് വാക്‌സീന്‍ വിതരണം ലക്ഷ്യത്തിന് അകലെ. 18 വയസ്സ് കഴിഞ്ഞ 21ലക്ഷം പേര്‍ ഒന്നാം ഡോസ് വാക്‌സീന്‍ എടുക്കുന്നതിന് വിമുഖത കാട്ടി നില്‍ക്കുന്നു. കുത്തിവയ്പ് എടുക്കില്ലെന്ന മുരടന്‍ ന്യായം, അലര്‍ജി ഉള്‍പ്പെടെ രോഗങ്ങളുള്ളവരുടെ വിമുഖതയും ചില മത വിശ്വാസങ്ങളും വാക്‌സിനേഷന്‍ പൂര്‍ണതയിലെത്തിക്കാന്‍ സാധിക്കാത്തതിന് കാരണമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
18 വയസ് മുളില്‍ 92.5% പേരാണ് ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവര്‍. രണ്ടുഡോസും എടുത്തവര്‍ 41 ശതമാനം മാത്രമാണ്. സര്‍ക്കാര്‍ ലക്ഷ്യം വച്ചത് രണ്ടു കോടി അറുപത്തെട്ട് ലക്ഷം പേരെ. വാക്‌സീനെടുത്തവര്‍ 2 കോടി 47 ലക്ഷം. ഇരുപത്തൊന്ന് ലക്ഷം പേര്‍ വാക്‌സീന്‍ പ്രതിരോധത്തിന് വെളിയിലാണ് . എറണാകുളം ജില്ല ലക്ഷ്യം 100 ശതമാനത്തിലെത്തിച്ചു. പത്തനംതിട്ട 99 ശതമാനവും വയനാട് 98 ശതമാനവും ഇടുക്കി 94 ശതമാനവും ആളുകള്‍ക്ക് ആദ്യ ഡോസ് ലഭിച്ചു.
ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകള്‍ 93% ലക്ഷ്യം നേടി. ആലപ്പുഴ, കോട്ടയം ജില്ലകളാണ് ഏറ്റവും പിന്നില്‍. ചിലര്‍ കുത്തിവയ്‌പെടുക്കുന്നതിനോട് കടുത്ത എതിര്‍പ്പിലാണ്. മറ്റു ചികില്‍സയിലൂടെ കോവിഡില്‍ നിന്ന് രക്ഷ നേടാമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. മറ്റൊരു വിഭാഗം ആളുകളെ തീവ്രമത വിശ്വാസങ്ങള്‍ കുത്തിവയ്പില്‍ നിന്ന് പിന്നിലേയ്ക്ക് വലിക്കുന്നു. അലര്‍ജിയുള്ളവര്‍ക്കും വാക്‌സീന്‍ പേടിയുണ്ട്. മറ്റ് ഗുരുതര അസുഖങ്ങുള്ള ഒരു വിഭാഗവും വാക്‌സീനെടുത്തിട്ടില്ല.
കോവിഡ് പോസിറ്റീവായി 90 ദിവസം കഴിയാത്തതിനാല്‍ കുത്തിവയ്‌പെടുക്കാന്‍ കഴിയാത്ത വരുമുണ്ട്. ഇപ്പോഴും ദിനം തോറും 100ലേറെയാണ് കോവിഡ് മരണം. ഏറെയും വാക്‌സീന്‍ സ്വീകരിക്കാത്തവരോ രണ്ടു ഡോസും പൂര്‍ത്തീകരിക്കാത്തവരോ ആണ് എന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ . ഇതു ആധാരമാക്കി എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.