ദില്ലി : വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടിയതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടാതെയാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കേണ്ട ഇടവേള 16 ആഴ്ച വരെ നീട്ടിയതെന്നാണ് വെളിപ്പെടുത്തല്‍.
രോഗവ്യാപനം രൂക്ഷമാവുകയും വാക്‌സിന്‍ ക്ഷാമമുണ്ടാവുകയും ചെയ്ത ഘട്ടത്തിലാണ് ഇടവേള വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഇമ്മ്യൂണെസെഷന്‍ ഉപദേശക സമിതി അംഗങ്ങള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തു വന്നു. വാക്‌സിനുകളുടെ ഇടവേള വര്‍ധിപ്പിച്ച തീരുമാനം യുകെയില്‍ ഗുണം ചെയ്തു. ഇടവേള നീട്ടിയ ഘട്ടത്തിലാണ് ആല്‍ഫ വകഭേദത്തെ മറികടന്നത്. ഇടവേള വര്‍ധിപ്പിക്കുമ്പോള്‍ അഡ്‌നോവെക്ടര്‍ വാക്‌സിനുകള്‍ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2542 പേര്‍ മരിച്ചു. 9 ലക്ഷത്തില്‍ താഴെ ആളുകളാണ് ചികിത്സയിലുള്ളത്.95.80 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നു. 3.22 ശതമാനമായി പ്രതിദിന ടിപിആര്‍ നിരക്ക് കുറഞ്ഞു. രാജ്യം രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ കൃത്യമായ സൂചനയാണ് പ്രതിദിന കണക്കുകള്‍ നല്‍കുന്നത്.