കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഹെല്‍ത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയില്‍ 830 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ തണുത്തുറഞ്ഞ് ഉപയോഗശൂന്യമായ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. വാക്സിന്‍ കൈകാര്യം ചെയ്യുന്നതില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായെന്ന പ്രാഥമിക നിഗമനം റിപ്പോര്‍ട്ടില്‍ ശരിവെച്ചതായാണ് വിവരം.
ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. മോഹന്‍ദാസിനായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹം ബുധനാഴ്ച ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിരുന്നു. വ്യാഴാഴ്ച ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീക്ക് റിപ്പോര്‍ട്ട് കൈമാറി. തുടര്‍ന്ന് വൈകുന്നേരത്തോടെ ഡി.എം.ഒ, സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
വിഷയത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നടപടിയെടുക്കും. വീഴ്ച സംഭവിച്ച ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് വിവരം. സംസ്ഥാനത്തുതന്നെ ആദ്യ സംഭവമായതിനാല്‍ ഉദ്യോഗസ്ഥതലത്തില്‍ ആലോചിച്ചായിരിക്കും നടപടി. 830 ഡോസാണ് നശിച്ചത്. ഇതിന് മരുന്നിന്‍റെ വിലയും ആശുപത്രിയില്‍ എത്തിക്കുന്നതിന്‍റെയും സൂക്ഷിക്കുന്നതിന്‍റെയും ചെലവടക്കം എട്ട് ലക്ഷം രൂപയോളം മൂല്യമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
വാക്സിന്‍ ക്ഷാമം നേരിടുന്ന സമയത്ത് ഇത്രയധികം ഡോസ് നഷ്ടമായത് ഗൗരവമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. മാവൂര്‍, പെരുവയല്‍, പെരുമണ്ണ ഗ്രാമ പഞ്ചായത്തുകളിലെ വാക്സിനേഷനുള്ള കോവിഷീല്‍ഡ് വാക്സിനാണ് ചൊവ്വാഴ്ച ചെറൂപ്പ ആശുപത്രിയില്‍ കൈകാര്യം ചെയ്യുമ്ബോള്‍ തണുത്തുറഞ്ഞ് ഉപയോഗശൂന്യമായത്. തലേദിവസം എത്തിയ വാക്സിന്‍ ശീതീകരണിയിലെ നിശ്ചിത താപനിലയുള്ള അറയില്‍വെക്കുന്നതിനു പകരം താഴ്ന്ന താപനിലയുള്ള ഫ്രീസറില്‍ വെച്ചതാണ് തണുത്തുറഞ്ഞു പോകാന്‍ ഇടയാക്കിയത്.