കോഴിക്കോട് : വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് ഉടൻ ലഭിക്കുമെന്നാണ് സൂചന. സസ്പെൻഷനിലുള്ള പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഇതുവരെ അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായിട്ടില്ല. എസ്.ഐ എം.നിജേഷ്, എഎസ്ഐ അരുൺകുമാർ, സി.പി.ഒ ഗിരീഷ് എന്നിവർക്ക് രണ്ട് തവണ നിർദേശം നൽകിയിട്ടും എത്തിയില്ല.
ഇവർ ഒളിവിലാണെന്നാണ് സൂചന. ഇവരുടെ ബന്ധുക്കളിൽ നിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും. പോലീസ് സ്റ്റേഷനിൽ നിന്നും ഹാർഡ് ഡിസ്ക് ഉൾപ്പടെ ഉള്ളവ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് സജീവൻ മരിച്ചിരുന്നുവെന്ന് സജീവനെ ആദ്യം എത്തിച്ച വടകര സഹകരണ ആശുപത്രിയിലെ ഡോക്ടർ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ സാക്ഷികളുടെ മൊഴി എടുപ്പ് പുരോഗമിക്കുകയാണ്.
വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ മാസം 22ന് രാത്രിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷൻ വളപ്പിൽ തന്നെയാണ് ഇയാൾ കുഴഞ്ഞുവീണത്. ഇയാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ സജീവൻ മരിക്കുകയായിരുന്നു.
സജീവന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വടകര പോലീസ് പറഞ്ഞു. എന്നാൽ സജീവനെ ഉടൻ തന്നെ വിട്ടയച്ചെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ പോലീസ് കസ്റ്റഡിയിലെടുത്തയുടൻ തനിക്ക് നെഞ്ചുവേദനയെടുക്കുന്നുവെന്ന് സജീവൻ തന്നെ പോലീസിനോട് പല പ്രാവശ്യം പറഞ്ഞിരുന്നെന്ന് സജീവനൊപ്പമുണ്ടായിരുന്ന ആളുകൾ പറഞ്ഞു.
യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര പോലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു രംഗത്തെത്തിയിരുന്നു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പോലീസ് മർദിച്ചെന്നാണ് ബന്ധു പറയുന്നത്. മർദനത്തെ സജീവനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദ്യം ചെയ്തിട്ടും പോലീസ് മർദനം അവസാനിപ്പിക്കാൻ തയാറായില്ല. നെഞ്ചുവേദനയുണ്ടെന്ന് സജീവൻ ആവർത്തിച്ചിട്ടും പോലീസ് വൈദ്യസഹായം എത്തിച്ചില്ലെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.