കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി യുഡിഎഫ് സഖ്യം തുടരും. യുഡിഎഫ് മുന്നണിയില്‍ ആര്‍എംപി ചേരില്ല. എന്നാല്‍ പിന്തുണയോടെ മത്സരിക്കും. വടകരയില്‍ ആര്‍എംപിയാകും മത്സരിക്കുക. വടകര നിയമസഭാ മണ്ഡലത്തില്‍ ആര്‍എംപിയെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കെകെ രമ മത്സരിക്കണമെന്ന് മാത്രം.
കോണ്‍ഗ്രസ് നേതാക്കള്‍ ഇതു സംബന്ധിച്ച് ആര്‍എംപി നേതാക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തി. കെ.കെ.രമ മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്നാണു വാഗ്ദാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വടകര മേഖലയില്‍ പരീക്ഷിച്ച ആര്‍എംപിയുഡിഎഫ് സഖ്യമായ ജനകീയമുന്നണി നേട്ടമുണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണ യുഡിഎഫിനായി വടകരയില്‍ മത്സരിച്ച എല്‍ജെഡി ഇപ്പോള്‍ എല്‍ഡിഎഫിലാണ്. അതുകൊണ്ട് തന്നെ ഈ സീറ്റ് ആര്‍ എം പിക്ക് കൊടുക്കുന്നതില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല.
തദ്ദേശത്തിലെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനുള്ള യുഡിഎഫ് ശ്രമം. 5 തദ്ദേശസ്ഥാപനങ്ങളില്‍ മത്സരിച്ച സഖ്യം മൂന്നിടത്തു ഭരണം നേടി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ഇരുമുന്നണികള്‍ക്കുമെതിരെ മത്സരിച്ച രമ 20,504 വോട്ട് നേടിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ. നാണു വിജയിച്ചത് 9511വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാം രമയുടെ ജയസാധ്യത കൂട്ടും.
വടകര മേഖലയില്‍ എല്‍ജെഡി മുന്നണി വിട്ടതിന്റെ ക്ഷീണം തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മറികടന്നത് ആര്‍എംപി സഖ്യത്തിലൂടെയായിരുന്നു. എല്‍ജെഡിയുടെ ശക്തികേന്ദ്രമായ ഏറാമല പഞ്ചായത്തില്‍ ഉള്‍പ്പെടെ ജനകീയമുന്നണി ഭരണം നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര നിയമസഭാ മണ്ഡല പരിധിയിലെ വോട്ടുനിലയിലും യുഡിഎഫ് ലീഡ് നേടി. ആര്‍എംപിയെ പിന്തുണച്ചാല്‍ വടകര നേടാമെന്നാണ് കോണ്‍ഗ്രസും ലീഗും വിലയിരുത്തുന്നത്.
നിയമസഭയിലേക്ക് വടകരയില്‍ ആര്‍എംപി മത്സരിക്കുമെന്നു തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും എന്നാല്‍ ആരു സ്ഥാനാര്‍ത്ഥിയാകണമെന്നു പാര്‍ട്ടിയാണു തീരുമാനിക്കുകയെന്നും ആര്‍എംപി കേന്ദ്രങ്ങള്‍ അറിയിച്ചു. രമ മത്സരിക്കാന്‍ തയ്യാറായാല്‍ അവര്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. ടിപി ചന്ദ്രശേഖരന്റെ വിധവ സ്ഥാനാര്‍ത്ഥിയാകുന്നതോടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും ചര്‍ച്ചാ വിഷയമാകും. ഇതും ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
സോഷ്യലിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്ന കോഴിക്കോട് വടകരയില്‍ ആരാണ് കരുത്തരെന്ന തര്‍ക്കത്തിലാണ് ആര്‍എംപിയും എല്‍ജെഡിയും. എല്‍ജെഡിയുടെ തട്ടകമായ ഏറാമല പഞ്ചായത്ത് ജനകീയ മുന്നണിയിലൂടെ തിരിച്ചു പിടിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് ആര്‍എംപിയുടെ അവകാശവാദം. എന്നാല്‍ വടകര ബ്ലോക്ക് പഞ്ചായത്ത് തിരികെ പിടിച്ചത് ചൂണ്ടിക്കാട്ടി ശക്തി ചോര്‍ന്നിട്ടില്ലെന്ന വാദമുയര്‍ത്തുകയാണ് എല്‍ജെഡി. എല്‍ജെഡിയുടെ ശക്തി കേന്ദ്രമായ ഏറാമലയില്‍ ഉജ്ജ്വല വിജയമാണ് ആര്‍എംപി – യുഡിഎഫ് സഖ്യം നേടിയത്. 19 സീറ്റില്‍ 12ഉം യുഡിഎഫ് നേടി. 9 സീറ്റുണ്ടായിരുന്ന എല്‍ജെഡി നാലു സീറ്റിലൊതുങ്ങി. ഇത് ചൂണ്ടിക്കാട്ടിയാണ് ആര്‍എംപി എല്‍ജെഡിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.