വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ടിന് ആചാരപ്പെരുമയോടെ തുടക്കം. വടക്കുപുറത്തുപാട്ട് മണ്ഡപത്തിലെ കളത്തിൽ ബുധനാഴ്ച തെളിഞ്ഞത് എട്ടു കൈയോടുകൂടിയ ഭദ്രകാളിയുടെ രൂപം. രാവിലെ വടക്കുപുറത്ത് മണ്ഡപം പുഷ്പമാലകൾ, കുരുത്തോലകൾ, കൊടി തുടങ്ങിയവകൊണ്ട് കെട്ടിവിതാനംചെയ്തു. തുടർന്ന് കളംവരയ്ക്കുന്നതിന്റെ ആദ്യചടങ്ങായ ഉച്ചപ്പാട്ടു നടത്തി. വീക്കൻചെണ്ട, ചേങ്ങില, ശംഖ് എന്നീ വാദ്യമേളങ്ങളോടെ നടത്തിയ ഉച്ചപ്പാട്ടിന് ആർ. ഗോപാലകൃഷ്ണക്കുറുപ്പ്, അമ്പലപ്പുഴ വിജയകുമാർ, വെച്ചൂർ രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ഉച്ചപ്പാട്ടിനുശേഷം പി.എൻ. ശങ്കരക്കുറുപ്പ് ആചാര്യനായി. പുതുശേരി ആർ. ഗോപാലകൃഷ്ണക്കുറുപ്പിന്റെ സാന്നിധ്യത്തിൽ കുടുംബാംഗം പി.കെ. ഹരികുമാർ കളം കുറിച്ചു. കുടമാളൂർ മുരളീധരമാരാർ, വെച്ചൂർ മുരളി, മുല്ലശ്ശേരി ശ്രീകുമാർ, അമ്പലപ്പുഴ ഗോപകുമാർ, രതീഷ് ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 25-ലധികം കലാകാരന്മാർ എട്ടുകൈയിൽ നാന്തകം, വാൾ, ഇരുമ്പുലക്ക, ശൂലം, പാമ്പ്, കപാലം, മണി, ദാരികശിരസ്സ്, പരിച എന്നീ ആയുധങ്ങളേന്തിയ, പീഠത്തിലിരിക്കുന്ന ഭദ്രകാളിയുടെ കളം വരച്ചു.