തിരുവനന്തപുരം : വഖഫ് ഭൂമിയെ ചൊല്ലി നിയമസഭയിൽ മന്ത്രി വി.അബ്ദുറഹ്മാനും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ തർക്കം. വഖഫ് ഭൂമി പൊതുആവശ്യങ്ങൾക്ക് കൈമാറ്റം ചെയ്യുന്ന വിഷയത്തിൽ ലീഗ് അംഗങ്ങൾ അഭിപ്രായം പറഞ്ഞത് മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. വഖഫ് ഭൂമി കൈമാറ്റം നിങ്ങളല്ല തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി പ്രകോപനപരമായി മറുപടി പറയുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. മന്ത്രിയുടെ മറുപടിയെ ചൊല്ലി സഭയിൽ ബഹളമുണ്ടായി. നേരത്തെ, കേരളത്തിൽ പച്ചയും യു.പിയിൽ കാവിയും ധരിച്ചു നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയത് എന്ന് പറഞ്ഞ് മന്ത്രി മറ്റൊരു വിഷയത്തിൽ ലീഗിനെ പ്രകോപിപ്പിച്ചിരുന്നു.
കുറ്റിക്കാട്ടൂരിലും തളിപ്പറമ്പിലും ഇത്തരത്തിൽ വഖഫ് ഭൂമി കൈമാറി. ഈ വഖഫ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. ഇതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. കോവിഡ് കാലത്ത് കാസർകോട്ട് ടാറ്റയുമായി ചേർന്ന് ആശുപത്രി നിർമിക്കാൻ തീരുമാനം എടുത്തിരുന്നു. ഇതിനായി വഖഫ് ഭൂമി ഏറ്റെടുത്തിരുന്നു. ഇത്തരത്തിൽ ഏറ്റെടുത്ത ഭൂമിക്ക് പകരം വേറെ ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. കേരളത്തിൽ പച്ചയും യു.പിയിൽ കാവിയും ധരിച്ചു നടക്കുന്ന ചില സംഘടനകൾ എന്നു പറഞ്ഞതോടെ ലീഗ് അംഗങ്ങൾ പ്രകോപിതരാവുകയായിരുന്നു. മന്ത്രി ചോദ്യത്തിന് മാത്രം മറുപടി പറയണം, അല്ലാത്ത കാര്യങ്ങളിലേക്ക് പോകുന്നു എന്ന വിമർശനം എൻ.ഷംസുദ്ദീൻ ഉൾപ്പെടെയുള്ളവർ ഉയർത്തി. ഇതിനു പിന്നാലെയാണ് വഖഫ് ഭൂമി പൊതു ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം വന്നത്.
ഈ ചോദ്യത്തിന്റെ മറുപടിയിൽ, കുടിവെള്ള പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ലീഗ് അംഗങ്ങൾ പ്രതിപക്ഷബെഞ്ചിൽനിന്ന് ബഹളമുണ്ടാക്കി. ഇതോടെയാണ്, ഇതിന് നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല, ഇവിടെ ചട്ടങ്ങളും രേഖകളും പരിശോധിച്ച് തീരുമാനം എടുക്കും എന്നു പറഞ്ഞത്. ഇതോടെ പ്രതിപക്ഷം ബഹളംവെച്ചു. മന്ത്രി അനാവശ്യമായി പ്രകോപനമുണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിനു പിന്നാലെ പ്രതിപക്ഷം ശാന്തരായി. വഖഫ് ഭൂമി സർക്കാർ സംരക്ഷിക്കുമെന്നും വഖഫ് നിയമനം പി.എസ്.സിക്കു വിട്ട നടപടിയുമായി മുന്നോട്ടുപോകുമെന്നും വി.അബ്ദുറഹ്മാൻ സഭയെ അറിയിച്ചു.