വാഗമണ്‍ കാഴ്ചകൾ മലബാറുകാർക്ക് എന്നും കൗതുകമാണ്. പെട്ടന്ന് എത്തിപ്പെടാൻ പറ്റാത്ത ഒരിടം എന്നതു മാത്രമല്ല ബസുകൾ മാറിക്കയറിയുള്ള നീണ്ട യാത്രയും പലരെയും വാഗമണ്ണിലേക്കുള്ള ട്രിപ്പിൽ നിന്നും പിന്തിരിപ്പിക്കുന്നു. എന്നാൽ നേരേ ഒരു പാക്കേജ്. അതും കൂടെ മൂന്നാറും കണ്ട് വരാനാണെങ്കിലോ. വൻ ഹിറ്റാകുമെന്ന് ഉറപ്പല്ലേ. അതെ. അങ്ങനെ വാഗമൺ ട്രിപ്പിൾ ഹാഫ് സെഞ്ച്വറി അടിച്ചിരിക്കുകയാണ് കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഗമൺ പാക്കേജ് 50 ട്രിപ്പ് പൂർത്തിയാക്കി. നവംബർ 24ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട അമ്പതാമത്തെ വാഗമൺ ട്രിപ്പ് 26ന് പൂർത്തിയാക്കി. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ആദ്യ ദിവസം വാഗമണ്ണിലെ കാഴ്ചകളും രാത്രി ക്യാംപിങും രണ്ടാമത്തെ ദിവസം മൂന്നാറും സന്ദര്‍ശിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒന്നാമത്തെ ദിവസം വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടുന്ന അഡ്വഞ്ചർ പാർക്ക്, പൈൻവാലി ഫോറസ്റ്റ്, വാഗമൺ മെഡോസ് എന്നിവ സന്ദർശിച്ച് ക്യാമ്പ് ഫയറോടെയുള്ള സ്റ്റേ. രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപ്പാറ വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, ഓറഞ്ച് ഗാർഡൻ, മാലൈ കള്ളൻ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം, സിഗ്‌നൽ പോയിന്റ്, ഷൂട്ടിങ് പോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മൂന്നാം ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. കണ്ണൂരിൽ നിന്നുള്ള അടുത്ത വാഗമൺ- മൂന്നാർ ട്രിപ്പ് ഡിസംബർ 8, 15 തീയതികളൽ നടക്കും. ഇത് കൂടാതെ പൈതൽ മല, വയനാട് ജംഗിൾ സഫാരി, കാസർകോഡ് റാണിപുരം എന്നിവിടങ്ങളും സന്ദര്‍ശിക്കും.
പൈതൽമല പാക്കേജ് രാവിലെ 6.30ന് പുറപ്പെടുന്ന ട്രിപ്പ് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി ഒമ്പത് മണിയോടുകൂടി കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രിഫീയും ഉൾപ്പെടെയാണ് പാക്കേജ്. ഡിസംബർ 3, 24 തീയതികളിലാണ് യാത്ര.
റാണിപുരം പാക്കേജ്
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷനിലേക്കുള്ള ടൂർ പാക്കേജ് സാധാരണക്കാർക്ക് വലിയൊരു അനുഗ്രഹമാണ്. ചുരുങ്ങിയ ചെലവിൽ റാണിപുരം, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ കാണാം എന്നുള്ളതാണ് ബജറ്റ് ടൂർ ഇത്രയും ജനകീയമാക്കിയത്.
വയനാട് ജംഗിൾ സഫാരി
കെഎസ്ആർടിസസിയുടെ എക്സ്ക്ലൂസിവ് ടൂർ പ്രോഗ്രാമുകളിൽ ഒന്നാണ് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള ജംഗിൾ സവാരി. ഡിസംബർ 31ന് രാവിലെ 5.45ന് പുറപ്പെടുന്ന യാത്ര സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എക്കോപാർക്ക് (ഗ്ലാസ് ബ്രിഡ്ജ്) എന്നിവ സന്ദർശിച്ച് രാത്രി ജംഗിൾ സഫാരി കഴിഞ്ഞ് പുലർച്ചെ 2.30ന് കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെയാണ് പാക്കേജ്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 9496131288, 8089463675.